ന്യൂഡൽഹി: 5ജി രാജ്യത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 21-ാം നൂറ്റാണ്ടിലെ ചരിത്രദിനമാണിതെന്നും 5ജി സേവനങ്ങൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി സംസാരിച്ചു. വിവിധ സംവിധാനങ്ങൾ 5ജിയിൽ പ്രവർത്തിക്കാൻ കഴിയുമെന്നും മാറ്റത്തിന്റെ തുടക്കം മാത്രമാണ് ഇതെന്നും മോദി പറഞ്ഞു.
ടെക്നോളജിയിലും ടെലികോമിലുമുള്ള വൻ വികസനം ഇന്ത്യ കാഴ്ച വെയ്‌ക്കും. ഒപ്പം വ്യവസായ വിപ്ലവത്തിന് ഇന്ത്യ നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. 2014-ൽ ഇന്ത്യയിൽ നൂറ് ശതമാനം ഫോണുകളും ഇറക്കുമതി ചെയ്യുന്നവയായിരുന്നു. എന്നാൽ ഇന്ന് ഫോൺ നിർമ്മാണ ശാലകളുടെ എണ്ണം ഇരുന്നൂറിലധികമാണ്. ഗ്രാമീണ മേഖലയിൽ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണത്തിലും വർദ്ധനയുണ്ടായതായി പ്രധാനമന്ത്രി പറഞ്ഞു. 2014-ൽ 25 കോടി ഇന്റർനെറ്റ് കണക്ഷനുകളാണ് ഉണ്ടായിരുന്നതെന്നും എന്നാൽ 2022-ൽ 85 കോടി ആയി ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചെലവ് കുറഞ്ഞ രീതിയിൽ ജനങ്ങൾക്ക് ഇന്റർനെറ്റ് ലഭ്യമാക്കിയത് ഡിജിറ്റൽ ഇന്ത്യയിലേക്ക് വഴി തെളിച്ചെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ 300 രൂപയായിരുന്നു ഒരു ജിബി ഡാറ്റയുടെ വില. ഇപ്പോൾ ഒരു ജിബിക്ക് 10 രൂപയായി കുറഞ്ഞു. ഇന്ത്യയിൽ ഒരാൾ പ്രതിമാസം ശരാശരി 14 ജിബി ഉപയോഗിക്കുന്നു. ഇതിന് പ്രതിമാസം 4200 രൂപ ചെലവ് വരുമെങ്കിലും 125-150 രൂപയാണ് ചെലവ്. സർക്കാരിന്റെ ശ്രമങ്ങളാണ് ഇതിലേക്ക് നയിച്ചതെന്നും മോദി വ്യക്തമാക്കി.
5ജി വഴി ഉപയോക്താക്കൾക്ക് തടസ്സമില്ലാത്ത കവറേജും മികച്ച ആശയവിനിമയ സംവിധാനങ്ങളും നൽകും. 5ജി സേവനങ്ങൾ ഘട്ടം ഘട്ടമായാകും നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ 13 നഗരങ്ങളിലാകും 5ജി ഇന്റർനെറ്റ് സേവനങ്ങൾ നടപ്പാക്കുന്നത്. 4 ജിയെക്കാൾ 100 മടങ്ങ് വേഗതയാകും 5 ജിക്ക് ഉണ്ടാകുക. അതിനാൽ ബഫറിംഗ് ഇല്ലാതെ വീഡിയോകൾ കാണാനും വേഗത്തിൽ കണ്ടന്റുകൾ ഡൗൺലോഡ് ചെയ്യാനും സാധിക്കും.
ആദ്യ ഘട്ടത്തിൽ ന്യൂഡൽഹി, ജാംനഗർ, ചണ്ഡിഗഢ്, ചെന്നൈ, കൊൽക്കത്ത, ഗുരുഗ്രാം, പൂനെ, മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലാകും 5ജി എത്തുക. ഇന്ന് മുതൽ ഈ നഗരങ്ങളിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാകും. 4 ജി സിമ്മിന് 5ജി ഫോണുകളിൽ പ്രവർത്തിക്കാൻ കഴിയും. എന്നാൽ പൂർണ്ണമായി 5ജി ഇന്റർനെറ്റ് വേഗത ലഭിക്കണമെന്നില്ല.തുടക്കത്തിൽ താരിഫിൽ മാറ്റമുണ്ടാകില്ലെന്ന് ടെലികോം കമ്പനികൾ അറിയിച്ചിട്ടുണ്ട്. 4ജിയുടെ താരിഫിൽ തന്നെയാകും 5ജി സേവനവും ലഭിക്കുക.
Comments