മുംബൈ: 5ജി മൊബൈൽ സേവനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഇന്ത്യാ മൊബൈൽ കോൺഗ്രസിൽ വെച്ചാണ് പ്രധാനമന്ത്രി രാജ്യത്തെ 5ജി സേവനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്.
5ജി സേവനങ്ങൾ ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ, വിപണി പിടിക്കാനുള്ള തന്ത്രങ്ങളുമായി ടെലികോം ഭീമൻ റിലയൻസ് ജിയോ രംഗത്തിറങ്ങി. ലോകത്തെ ഏറ്റവും വില കുറഞ്ഞതും മികച്ച ഗുണമേന്മയുള്ളതുമായ 5ജി സേവനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, ലൈഫ് മൊബൈൽ കമ്പനിയുമായി ജിയോ കൈകോർക്കുകയാണ് എന്നതാണ് ടെക്നോളജി ലോകത്തെ ഏറ്റവും പുതിയ വാർത്ത.
വിലക്കൂടുതൽ കാരണം 5ജിയിലേക്ക് മാറാൻ മടിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാകും ജിയോയുടെ പുതിയ സ്മാർട്ട് ഫോൺ വിപണിയിൽ എത്തുക. രാജ്യത്ത് 4ജി സേവനങ്ങൾ ആരംഭിച്ചപ്പോഴും സമാനമായ ഓഫറുമായി ജിയോ രംഗത്ത് വന്നിരുന്നു. ഇന്ത്യയിൽ 4ജിയുടെ വൻ പ്രചാരത്തിന് ഇത് കാരണമായിരുന്നു.
ജിയോ വിപണിയിൽ ഇറക്കുന്ന 5ജി സ്മാർട്ട്ഫോണിന് ‘ഗംഗ‘ എന്നായിരിക്കും പേരെന്ന് ‘ലൈവ് ഹിന്ദുസ്ഥാൻ‘ റിപ്പോർട്ട് ചെയ്യുന്നു. 90 ഹേർട്ട്സ് റിഫ്രഷ് റേറ്റോട് കൂടിയ 6.5 ഇഞ്ച് എച്ച് ഡി+ എൽസിഡി ഡിസ്പ്ലേ ആയിരിക്കും ഫോണിന്റേത്. 4ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 480 പ്രോസസർ ആയിരിക്കും ഉണ്ടായിരിക്കുക.
ആൻഡ്രോയ്ഡ് 12ൽ ആയിരിക്കും ഗംഗ ഫോൺ പ്രവർത്തിക്കുക. വൈഫൈ, ബ്ലൂടൂത്ത് 5.1 കണക്ടിവിറ്റി എന്നിവയും ഫോണിൽ ഉണ്ടായിരിക്കും. 8,000 രൂപയ്‌ക്കും 12,000 രൂപയ്‌ക്കും ഇടയിൽ വില വരുന്ന ഫോണിനൊപ്പം സൗജന്യം 5ജി സിം കാർഡ്, പരിധിയില്ലാത്ത ഡേറ്റ ഉപയോഗം തുടങ്ങിയ ഓഫറുകളും കമ്പനി നൽകുമെന്നാണ് ‘കൗണ്ടർപോയിന്റ് റിസർച്ച്‘ റിപ്പോർട്ട് ചെയ്യുന്നത്.
ഗൂഗിളുമായി ചേർന്ന് 5ജി സ്മാർട്ട് ഫോൺ വിപണിയിൽ എത്തിക്കാനും ജിയോക്ക് പദ്ധതിയുണ്ട്. ഓഗസ്റ്റിൽ നടന്ന കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
Comments