മുംബൈ: വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടി പാകിസ്താനിലേക് അയച്ച കേസിൽ, കുപ്രസിദ്ധ കുറ്റവാളി ഛോട്ടാ ഷക്കീലിന്റെ ബന്ധു സലിം ഫ്രൂട്ടിനെ മുംബൈ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു. ഒക്ടോബർ 6 വരെ സലിം ഫ്രൂട്ടിനെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ചിന് കോടതി അനുമതി നൽകി. ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തിയതുമായി ബന്ധപ്പെട്ട് എൻ ഐ എ അറസ്റ്റ് ചെയ്ത സലിം ഫ്രൂട്ട് നിലവിൽ ജയിലിലാണ്.
കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗമായ റിയാസ് ഭട്ടിയെയും ഇതേ കേസുമായി ബന്ധപ്പെട്ട് മുംബൈ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. അന്ധേരിയിൽ നിന്നാണ് ഇയാൾ പിടിയിലായത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സലിം ഫ്രൂട്ടും റിയാസ് ഭട്ടിയും അടങ്ങുന്ന സംഘം വ്യവസായിയെ ഭീഷണിപ്പെടുത്തി 62 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചത്. ഭീഷണി ഭയന്ന വ്യവസായി 7.5 ലക്ഷം രൂപയും ഭാര്യയുടെ പേരിൽ ഉണ്ടായിരുന്ന റേഞ്ച് റോവർ കാറും പ്രതികൾക്ക് നൽകി. 30 ലക്ഷം രൂപ വില വരുന്ന റേഞ്ച് റോവറാണ് പ്രതികൾ വ്യവസായിയിൽ നിന്നും തട്ടിയെടുത്തത്.
കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലെ ഉന്നതനായ ഛോട്ടാ ഷക്കീലിന് വേണ്ടി അനധികൃതമായി ധനം സമാഹരിച്ച് പാകിസ്താനിലേക്ക് അയച്ച കേസിലാണ് സലിം ഫ്രൂട്ടിനെ എൻ ഐ എ കസ്റ്റഡിയിൽ എടുത്തത്. അനധികൃത ഭൂമി ഇടപാടുകൾ വഴിയും അധോലോകത്തെ തർക്കങ്ങൾ പരിഹരിച്ചുമാണ് രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഇവർ പണം സമാഹരിച്ചിരുന്നത് എന്നാണ് എൻ ഐ എ കണ്ടെത്തിയിരിക്കുന്നത്.
ദാവൂദ് ഇബ്രാഹിമിന്റെ ഡി- കമ്പനിക്ക് അന്താരാഷ്‌ട്ര ഭീകര സംഘടനകളായ ലഷ്കർ ഇ ത്വയിബ, ജെയ്ഷെ മുഹമ്മദ്, അൽഖ്വായ്ദ എന്നിവയുമായി ബന്ധമുണ്ടെന്ന് എൻ ഐ എ കണ്ടെത്തിയിരുന്നു. കള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജ കറൻസി ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് സംഘത്തിലെ നിരവധി പേർ കേന്ദ്ര ഏജൻസികളുടെ കസ്റ്റഡിയിലാണ്.
















Comments