ഇസ്ലാമാബാദ്: പാകിസ്താൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) അദ്ധ്യക്ഷനും പാക് മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇസ്ലാമാബാദിലെ മാർഗല്ല പോലീസ് സ്‌റ്റേഷൻ മജിസ്‌ട്രേറ്റ് റാണ മുജാഹിദ് റഹീമാണ് വാറണ്ട് പുറപ്പെടുവിച്ചത്. സെഷൻസ് ജഡ്ജി സെബാ ചൗധരിക്കെതിരെ വിവാദ പരാമർശം നടത്തിയതിനെ തുടർന്ന് ഓഗസ്റ്റ് 20ന് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കോടതിയലക്ഷ്യക്കേസുമായി ബന്ധപ്പെട്ട് ഇസ്ലാമാബാദ് ഹൈക്കോടതിയിൽ ഇമ്രാൻ ഖാൻ സത്യവാങ്മൂലം സമർപ്പിച്ചതിന് പിന്നാലെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിൽ നടന്ന വിചാരണയ്‌ക്കിടെ കോടതിയിൽ പറഞ്ഞ കാര്യങ്ങളിൽ താൻ ഉറച്ചുനിൽക്കുന്നുവെന്ന് സത്യവാങ്മൂലത്തിൽ ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു.
സെഷൻസ് ജഡ്ജിക്കെതിരായി നടത്തിയ പരമാർശത്തിൽ ഭീഷണി സ്വരം ഉയർന്നതാണ് ഇമ്രാനെ വെട്ടിലാക്കിയത്. തുടർന്ന് വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി കേസ് രജിസ്റ്റർ ചെയ്തു.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ നിബന്ധനകൾ കോടതി ഏർപ്പെടുത്തിയാൽ, അത് സ്വീകരിക്കും. താൻ ബോധിപ്പിച്ച വസ്തുതകളോട് കോടതിക്ക് തൃപ്തിയില്ലെങ്കിൽ അതിന്റെ പേരിലുണ്ടാകുന്ന നടപടികൾ സ്വീകരിക്കാനും തയ്യാറാണെന്ന് ഇമ്രാൻ ഖാൻ സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ, സത്യവാങ്മൂലത്തിൽ ക്ഷമാപണം ഉണ്ടായിരുന്നില്ലെന്നതാണ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങാൻ കാരണമായത്.
Comments