ന്യൂഡൽഹി : ഇന്ത്യയിലെ ആദ്യത്തെ 5G – സംവിധാനമുള്ള ആംബുലൻസ് പുറത്തിറക്കി. ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്ത് 5 G സേവനം ഉദ്ഘാടനം ചെയ്തത്. തുടർന്നാണ് 5G ആംബുലൻസ് പുറത്തിറക്കിയത്.
വിദൂര സ്ഥലങ്ങളിൽ നിന്ന് തത്സമയം രോഗികളെ നിരീക്ഷിക്കുക, വേഗതയേറിയ ഇന്റർനെറ്റ് കണക്ഷനുള്ള വീഡിയോ കോൾ കണക്ട് ചെയ്യുന്ന എന്നീ സൗകര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് 5G ആംബുലൻസ് പുറത്തിറക്കിയത്. എന്നാലിത് പുതിയൊരു കാര്യമല്ലെന്ന് സിസ്‌കോ സിസ്റ്റംസിലെ ശങ്കർ ശ്രീനിവാസൻ പറഞ്ഞു.
ആംബുലൻസിനകത്തെ അടിസ്ഥാനപരമായ കാര്യങ്ങൾ മെച്ചപ്പെടുത്തുക മാത്രമാണ് ചെയ്തത്. നേരത്തെ ഒരു രോഗിയിൽ ഡീഫിബ്രിലേറ്റർ ഉപയോഗിക്കാനോ മോണിറ്റർ സിസ്റ്റം സ്ഥാപിക്കാനോ സാധിച്ചിരുന്നില്ല. ആകെ ചെയ്യാൻ പറ്റിയിരുന്നത് ഡോക്ടറെ വാട്‌സ്ആപ്പിലൂടെ വീഡിയോ കോൾ ചെയ്യുക മാത്രമാണ്. എന്നാൽ 5G യിലൂടെ ആംബുലൻസിനകത്ത് എന്ത് സൗകര്യം വേണമെങ്കിലും ഒരുക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇസിജി മെഷീൻ, പമ്പ് എന്ന് വേണ്ട, വെന്റിലേറ്റർ സൗകര്യം വരെ ആംബുലൻസിൽ ഒരുക്കാൻ സാധിക്കും. ഇവയെല്ലാം പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഡോക്ടർക്ക് തക്ക സമയത്ത് എന്താണ് ചെയ്യേണ്ടത് എന്ന് നിർദ്ദേശിക്കാനുമാകും. 5G ആയത് കൊണ്ട് തന്നെ ഡോക്ടറുമായി ബന്ധപ്പെടാനും ഒരു തടസ്സവുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments