ജക്കാർത്ത: ഫുട്‌ബോൾ മത്സരത്തിനിടെ ടീമുകളുടെ ആരാധകർ തമ്മിലുണ്ടായ സംഘർഷം വൻ ദുരന്തത്തിൽ കലാശിച്ചു. സംഘർഷത്തിൽ ജീവൻ നഷ്ടമായത് 129 കാണികൾക്കാണ്. ഇന്തോനേഷ്യയിലെ കിഴക്കൻ ജാവ പ്രവിശ്യയിലാണ് ദുരന്തം സംഭവിച്ചത്.
മലംഗിലെ സ്റ്റേഡിയത്തിൽ ജാവനീസ് ക്ലബ്ബുകളായ അരേമയുടെയും പെർസെബയ സുരബായയുടെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.ഫുട്‌ബോൾ മത്സരത്തിൽ തങ്ങളുടെ ടീം തോറ്റതിന് പിന്നാലെ ആയിരക്കണക്കിന് വരുന്ന അരേമ ആരാധകർ മൈതാനത്തേക്ക് ഓടിയെത്തിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.
തുടർന്ന് പെർസെബ ടീം ആരാധകരും കളത്തിലേക്കിറങ്ങിയതോടെ സംഘർഷം കനത്തു. പിന്നാലെ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയായിരുന്നു.തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 129 പേർ കൊല്ലപ്പെടുകയും 180 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. മരിച്ചവരിൽ രണ്ടുപേർ പോലീസ് ഉദ്യോഗസ്ഥരാണ്.
സംഭവത്തിന് പിന്നാലെ ഇന്തോനേഷ്യൻ ടോപ്പ് ലീഗ് ബിആർഐ ലിഗ 1 ഗെയിമുകൾ ഒരാഴ്ചത്തേക്ക് നിർത്തിവച്ചതായും അന്വേഷണം ആരംഭിച്ചതായും ഇന്തോനേഷ്യയിലെ ഫുട്‌ബോൾ അസോസിയേഷൻ (പിഎസ്എസ്‌ഐ) അറിയിച്ചു.
















Comments