റിയാദ്: റിയാദ് അന്താരാഷ്‌ട്ര പുസ്തകോത്സവത്തിലൂടെ രാമായണവും മഹാഭാരതവും സൗദി അറേബ്യയിൽ പരിചയപ്പെടുത്തി ഡിസി ബുക്‌സ്. റിയാദ് മീഡിയ ഫോറത്തിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഡിസി ബുക്ക്‌സ് മാനേജിങ് ഡയറക്ടർ ഡി.സി രവിയാണ് ഇക്കാര്യം അറിയിച്ചത്. രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ഇംഗ്ലീഷ് പതിപ്പിന് വൻ സ്വീകാര്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിഷൻ 2030ന്റെ ഭാഗമായി സൗദി അറേബ്യയുടെ കാഴ്ചപ്പാടിൽ വരുന്ന മാറ്റത്തിന്റെ തെളിവായാണ് അദ്ദേഹം ഇക്കാര്യത്തെ വിശേഷിപ്പിച്ചത്. കൂടാതെ മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ 80 ശതമാനം പുസ്തകങ്ങളും ക്ലാസിക്കുകളും പുതിയ പുസ്തകങ്ങളും മേളയിൽ ഡിസി ബുക്‌സ് എത്തിച്ചിട്ടുണ്ട്. പഴയ എഴുത്തുകാരുടെ സൃഷ്ടികൾക്ക് ഇന്നും സ്വീകാര്യത ഏറെയാണെന്നും പുതിയ തലമുറയിൽ ഓഡിയോ ബുക്‌സിന്റെ സ്വീകാര്യതയും വർധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൗദി സാസ്‌കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ റിയാദ് ഫ്രണ്ട് കൺവെൻഷൻ സെന്ററിൽ നടക്കുന്ന പുസ്തകോത്സവം ഒക്ടോബർ എട്ടിനാണ് അവസാനിക്കുന്നത്. പുസ്തകോത്സവത്തിന്റെ ഭാഗമായി ചിത്ര രചന, ലക്കി-ഡ്രോ എന്നിവയും ഡിസി ബുക്‌സ് ഒരുക്കിയിട്ടുണ്ട്.
Comments