ഉധംപൂർ: ഉധംപൂരിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ ഭീകരർ ലക്ഷ്യമിട്ടത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ എന്ന് പോലീസ്. ഉധംപൂരിൽ അമിത് ഷാ സന്ദർശനം നടത്തുമെന്ന വിവരം ഭീകരർ മുന്നേ അറിഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് സ്ഫോടനം നടത്തിയത്. പോലീസ് പിടിയിലായ ലഷ്കർ ഭീകരൻ അസ്ലമിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരം ലഭിച്ചത്.
പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആഗോള ഭീകര സംഘടനയായ ലഷ്കർ-ഇ-ത്വയ്ബ നേതാവ് മുഹമ്മദ് അമീൻ ഭട്ടിന്റെ നിർദ്ദേശപ്രകാരമാണ് സ്ഫോടനം നടത്തിയത്. ബസ് സ്റ്റാന്റിലും രാം നഗറിലെ രണ്ട് ബസുകളിലും സ്ഫോടനം നടത്താനാണ് നിർദ്ദേശം നൽകിയിരുന്നതെന്ന് പിടിയിലായ ഭീകരൻ പറഞ്ഞു.
അമിത് ഷായുടെ സന്ദർശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ സംയുകത സുരക്ഷാ സേനകളുടെ യോഗം വിളിച്ചു ചേർക്കാനുള്ള ഒരുക്കത്തിലായിരുന്നു പോലീസ് എന്ന് ഡി ജി പി ദിൽബാഗ് സൂചിപ്പിച്ചു. സ്ഫോടനം നടന്ന് മൂന്ന് ദിവസം കൊണ്ട് കുറ്റവാളിയെ പിടികൂടാൻ സാധിച്ചത് വലിയ നേട്ടമായി കാണുന്നു.
പിടിയിലായ ഭീകരനിൽ നിന്നും സ്റ്റിക്കി ബോംബുകൾ ഉൾപ്പെടെ ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തിരുന്നു. കൂടുതൽ വിവരങ്ങൾക്കായി ദേശീയ അന്വേഷണ ഏജൻസികൾ കേസേറ്റെടുത്തിട്ടുണ്ടെന്നും സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കാൻ നിർദ്ദേശം നൽകിയെന്നും ദിൽബാഗ് കൂട്ടിച്ചേർത്തു.
















Comments