ശ്രീനഗർ: ലോകത്തിലെ ഏറ്റവും നീളമേറിയ പല്ല് പിഴുതുമാറ്റി ജമ്മു കശ്മീരിലെ ദന്ത ഡോക്ടർമാർ. ബുദ്ഗാം ജില്ലയിലെ ബീർവാഹിലെ ദന്താശുപത്രിയിൽ ചികിത്സ തേടിയെത്തിയ ആളുടെ പല്ലിനാണ് റെക്കോർഡ് നീളം. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് പല്ല് എടുത്ത് മാറ്റിയതെന്ന് ഡോക്ടർമാർ പറഞ്ഞു.
ശനിയാഴ്ചയായിരുന്നു സംഭവം. ബുദ്ഗാം ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ ജാവേദ് അഹമ്മദ് ആണ് ഈ വിവരം പങ്കുവെച്ചത്. ആശുപത്രിയിൽ ചികിത്സതേടിയെത്തിയ പ്രദേശവാസിയുടെ വായിൽ നിന്നും പിഴുതെടുത്ത പല്ലിന് 37.5 മില്ലീ മീറ്റർ നീളമാണ് ഉള്ളത്. ഗിന്നസ് ബുക്കിൽ ഇടം നേടിയ ലോകത്തിലെ ഏറ്റവും നീളമേറിയ പല്ലിന്റെ വലിപ്പം 37.2 മില്ലീ മീറ്ററാണ്.
15 ദിവസങ്ങൾക്ക് മുൻപാണ് പല്ല് വേദനയെ തുടർന്ന് പ്രദേശവാസി ദന്താശുപത്രിയിൽ എത്തിയത്. തുടർന്ന് നടത്തിയ എക്‌സ് റേ പരിശോധനയിൽ പല്ലിന് വലിപ്പക്കൂടുതൽ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടു. ഇതോടെ പല്ല് എടുത്തുമാറ്റാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. ഒന്നര മണിക്കൂർ നേരം നീണ്ട ശസ്ത്രക്രിയ്‌ക്കൊടുവിലാണ് പല്ല് എടുത്തത്. ശസ്ത്രക്രിയയ്‌ക്ക് വിധേയനായ വ്യക്തി ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു.
















Comments