കൊല്ലം: നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്ത ഹർത്താലിനിടെ പുനലൂരിൽ കെഎസ്ആർടിസി ഉൾപ്പെടെയുളള വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞതിന് പിടിയിലായ ബാസിത് ആൽവി ഹൈന്ദവ നേതാക്കൾക്ക് നേരെ പതിവായി കൊലവിളി നടത്തിയ വ്യക്തി. ബിജെപി വക്താവ് സന്ദീപ് വാര്യർ അടക്കമുളള നേതാക്കൻമാരുടെ ഭാര്യമാരെ വിധവാ പെൻഷന് ക്യൂ നിർത്തിക്കുമെന്നും ആർഎസ്എസുകാരുടെ ചിതാഭസ്മം പുഴയിലൊഴുക്കുമെന്നും ഹിന്ദു ഐക്യവേദി നേതാവ്് വത്സൻ തില്ലങ്കേരിയുടെ സുരക്ഷ പിൻവലിച്ചാൽ ഷാൻ സാഹിബിന്റെ നീതി നടപ്പാക്കുമെന്നും ആയിരുന്നു ബാസിത് ആൽവിയുടെ ഭീഷണികൾ.
ഹർത്താൽ ദിനത്തിൽ പുനലൂർ മേഖലയിൽ നടന്ന അക്രമത്തിന്റെ സൂത്രധാരനായിരുന്നു പുനലൂർ കാര്യറ സ്വദേശിയായ അബ്ദുൽ ബാസിത് എന്ന ബാസിത് ആൽവി. 25 കാരനായ ബാസിത് ആൽവി ക്യാമ്പസ് ഫ്രണ്ടിന്റെ നേതാവാണ്. ഹർത്താലിനിടെ മാവിളയിൽ ഫാസ്റ്റ് പാസഞ്ചർ ബസിന് കല്ലെറിഞ്ഞ് നഷ്ടമുണ്ടാക്കുകയും ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലെയും പുനലൂരിലും തെന്മലയിലും കുന്നിക്കോടും ലോറിക്ക് നേരെ കല്ലേറ് നടത്തിയതിലെയും പ്രതിയും സൂത്രധാരനാണ് ഇയാൾ.
ഹർത്താൽ ദിവസം ഉച്ചയ്ക്ക് പുനലൂരും തെന്മലയിലും കുന്നിക്കോടും കല്ലേറ് നടത്തിയ ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. എൺപതോളം വരുന്ന സിസിടിവി ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ച് ക്രോഡീകരിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കല്ലേറിൽ കെ എസ് ആർ ടി സി ക്ക് 3 ലക്ഷം രൂപയുടെയും ലോറികൾക്ക് 1.5 ലക്ഷത്തിന്റെയും നഷ്ടം ഉണ്ടായതായാണ് വിലയിരുത്തിയിട്ടുള്ളത്.
ബാസിതിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എൻഐഎയും ബാസിതിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്. നേരത്തെ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിയെയും കോഴിക്കോട് ജില്ലാ വർക്കിങ് പ്രസിഡന്റ് രാജേഷ് നാദാപുരത്തെയും വധിക്കാൻ ആഹ്വാനം ചെയ്ത ക്യാമ്പസ് ഫ്രണ്ട് നേതാവാണ് ബാസിത് ആൽവി. കഴിഞ്ഞ ജനുവരിയിൽ പോപ്പുലർ ഫ്രണ്ട് നാദാപുരം മണ്ഡലം കമ്മറ്റി ആർഎസ്എസ് ഭീകരതയ്ക്കെതിരെ എന്ന പേരിൽ നാദാപുരത്ത് നടത്തിയ പൊതുയോഗത്തിലായിരുന്നു ഭീഷണി. പരാതിയെ തുടർന്ന് ഐപിസി 153, 506 വകുപ്പുകൾ പ്രകാരം ബാസിത് ആൽവിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
വത്സൻ തില്ലങ്കേരിക്ക് എല്ലാകാലത്തും സുരക്ഷയുണ്ടാകില്ലെന്നും അതില്ലാതാകുന്ന കാലത്ത് പോപ്പുലർ ഫ്രണ്ട് ഷാൻ സാഹിബിന്റെ നീതി നടപ്പാക്കുമെന്നുമായിരുന്നു പ്രസംഗം. പോപ്പുലർ ഫ്രണ്ടിന്റെ രഹസ്യയോഗങ്ങളിലെ സ്ഥിരം സാന്നിദ്ധ്യവും ഹിന്ദുക്കൾക്കെതിരെ പതിവായി വർഗീയ പ്രസംഗം നടത്തുകയും ചെയ്യുന്ന വ്യക്തിയായിരുന്നു ആൽവി.
Comments