നവരാത്രിക്കാലത്ത് മനസ് നിറഞ്ഞ് ശക്തിസ്വരൂപിണിയായ ദുർഗയെ ആരാധിക്കുകയാണ് ഭക്തർ. വ്രതം അനുഷ്ഠിച്ചും ദേവീ പൂജ ചെയ്തും വിശ്വാസികൾ തിന്മയ്‌ക്ക് മേലുള്ള നന്മയുടെ വിജയത്തെ ആഘോഷിക്കുകയാണ്. സിംഹവാഹിനിയായ ദുർഗയെ ആരാധിക്കുന്നത് നിഷേധിച്ച ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ധീരദേശാഭിമാനി നേതാജിയെന്ന സുഭാഷ് ചന്ദ്രബോസിന്റെ പോരാട്ട കഥയും ഈ നാളുകളിൽ നാം ഓർത്തെടുക്കേണ്ടതുണ്ട്.
നന്നേ ചെറുപ്പത്തിലേ ദേശീയവാദിയും ആദിപരാശക്തിയുടെ കടുത്ത വിശ്വാസിയുമായിരുന്നു നേതാജി. ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ ഇറങ്ങിത്തിരിച്ചപ്പോഴും അദ്ദേഹം എന്നും തികഞ്ഞ ദുർഗാ ഭക്തനായി തുടർന്നു. രാഷ്‌ട്രീയ തടവുകാരനായി ബർമ്മയിലെത്തിയപ്പോഴാണ് ദുർഗാ പൂജ നടത്താനായി അദ്ദേഹം ശബ്ദമുയർത്തിയത്. 1925 ലാണ് അത്. ദുർഗാ പൂജ, ജയിലിൽ നടത്താനായി അദ്ദേഹം നടത്തിയ ഓരോ ചുവടുകളും കുടുംബത്തെ അദ്ദേഹം കത്തുകളിലൂടെ അറിയിച്ചിരുന്നു. ഭാര്യയ്‌ക്കും അമ്മയ്‌ക്കും അയച്ച കത്തുകളിൽ ദുർഗാ പൂജ നടത്താനുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയം വ്യക്തമായിരുന്നു.
1925 ൽ ജയിലിൽ ദുർഗാഷ്ടമി ആഘോഷിക്കാൻ നേതാജിയും കൂട്ടരും തീരുമാനിക്കുകയുണ്ടായി. ഇതിനായി 800 രൂപയോളം ചെലവ് വരുമെന്ന് അവർ കണക്കുകൂട്ടി. ഇതിനായി വിശ്വാസികളായ തടവുകാരിൽ നിന്നും അവർ 140 രൂപയോളം പിരിച്ചു. ബാക്കി വരുന്ന 660 രൂപ ഗവൺമെന്റിൽ നിന്നും ഗ്രാന്റായി നേതാജി ആവശ്യപ്പെട്ടു.
ക്രിസ്ത്യാനികളായ തടവുകാർക്ക് അവരുടെ മതപരമായ ചടങ്ങുകൾ നടത്തുന്നതിന് സർക്കാർ 1200 രൂപ നൽകുമ്പോൾ ഹിന്ദു മത വിശ്വാസികൾക്ക് എന്തുകൊണ്ട് നൽകിക്കൂടാ എന്നായിരുന്നു നേതാജിയുടെ ചോദ്യം. എന്നാൽ തുക നൽകാൻ ബ്രിട്ടീഷുകാർ തയ്യാറായിരുന്നില്ല. 660 രൂപ നൽകിയാൽ ആ തുക തടവുകാരുടെ അലവൻസിൽ നിന്ന് കുറയ്‌ക്കുമെന്നായിരുന്നു ബ്രിട്ടീഷുകാർ അറിയിച്ചത്.
1925 സെപ്തംബർ 11-ന് നേതാജി തന്റെ ഭാര്യാസഹോദരി വിഭാവതിക്ക് അയച്ച കത്തിൽ ബ്രിട്ടീഷുകാരുമായുള്ള ഈ തർക്കത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ”ദുർഗാ പൂജയ്‌ക്കുള്ള ഒരുക്കങ്ങൾ ഇവിടെ നടക്കുന്നുണ്ട്. ദേവിയെ പൂജിക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ ചെലവിന്റെ കാര്യത്തിൽ ഉദ്യോഗസ്ഥരുമായി തർക്കമാണ് നടക്കുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് കാണാം. പൂജാ വസ്ത്രങ്ങൾ ഇവിടെ അയക്കാൻ മറക്കരുതെന്ന് അദ്ദേഹം കുറിച്ചു.
പൂജയ്‌ക്ക് പണം നൽകാത്ത ബ്രിട്ടീഷുകാരുടെ ഇരട്ടത്താപ്പിനെതിരെ പോരാടാൻ തന്നെ നേതാജി തീരുമാനിച്ചു. അതിനായി അദ്ദേഹം നിരാഹാര സത്യാഗ്രഹമിരുന്നു. ദേവീപൂജയ്‌ക്കായി നേതാജിയ്‌ക്കൊപ്പം തടവുകാരും നിരാഹാരമിരുന്നു.ദുർഗയുടെ പരമഭക്തനായ നേതാജിയെയും കൂട്ടരെയും പിന്തിരിപ്പിക്കാനാവില്ലെന്ന് മനസിലായ ബ്രിട്ടീഷുകാർ ഒടുവിൽ തോൽവി സമ്മതിച്ചു. ഓരോ തടവുകാർക്കും 30 രൂപ ഗ്രാന്റായി അനുവദിച്ചു. പിന്നാലെ നേതാജിയും കൂട്ടരും ജയിലിൽ നവരാത്രി ഭക്തിസാന്ദ്രമായി ആഘോഷിച്ചു.
1925 സെപ്തംബർ 25 ന് അമ്മ ബസന്തിയ്‌ക്ക് എഴുതിയ കത്തിൽ നേതാജി ഇങ്ങനെ കുറിച്ചു. ഇന്ന് മഹാഷ്ടമിയാണ്, ഈ വർഷം ഞങ്ങൾ ഇവിടെ ദുർഗയെ ആരാധിക്കും.ദുർഗാ മാതാവ് ഞങ്ങളെ മറന്നിട്ടുണ്ടാകില്ല. അതുകൊണ്ടാകാം ജയിലറയ്‌ക്കുള്ളിലും ദുർഗയെ ആരാധിക്കാൻ തങ്ങൾക്ക് അവസരം ലഭിച്ചത്. ജയിലിന്റെ ഇരുണ്ടതും നിർജ്ജീവുമായ അന്തരീക്ഷത്തെ ആരാധനയുടെ ഭക്തിസാന്ദ്രവും പ്രസന്നവുമായ ശോഭ ഇല്ലാതാക്കുന്നുണ്ട്. ഇത് എത്രനാൾ തുടരുമെന്ന് എനിക്കറിയില്ല. പക്ഷേ, വർഷത്തിലൊരിക്കലെങ്കിലും ദുർഗാ മാതാവ് ഇങ്ങനെ വന്നുകൊണ്ടിരുന്നാൽ ജയിൽവാസം അത്ര ദുഷ്‌കരമാവില്ലെന്നാണ് കരുതുന്നത്.
ബർമ്മയിലെ ജയലിൽ മാത്രമല്ല, മ്യാൻമറിലെ മണ്ഡേല ജയിലിൽ വെച്ചും അദ്ദേഹം ദുർഗാ പൂജ നടത്താന് ബ്രിട്ടീഷുകാരോട് പോരാടി. ദുർഗാ പൂജ നടത്തുന്നതിനായി അദ്ദേഹം ബംഗാൾ സെക്രട്ടറിയ്‌ക്ക് വരെ കത്തയച്ചിരുന്നു. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ചടങ്ങുകൾക്കായി ഒരുക്കങ്ങൾ മുൻകൂട്ടി ചെയ്യേണ്ടതുണ്ട്..അതുകൊണ്ട് അതിന്റെ ഫണ്ട് സർക്കാർ അനുവദിക്കണം. ഇതിനായി ബംഗാളിൽ നിന്നും ഒരു പൂജാരിയെയും കൊണ്ടുവരേണ്ടി വരും. ഇതിനായി ബംഗാളിൽ നിന്ന് പുരോഹിതരെ യഥാസമയം അയക്കണമെന്നുമായിരുന്നു കത്തിലെ ആവശ്യം.
അങ്ങനെ ദേശത്തിന് വേണ്ടി പോരാടുമ്പോഴും സ്വന്തം മതത്തെയും വിശ്വാസത്തെയും എന്നും മുറുകെ പിടിച്ച വ്യക്തിത്വമായിരുന്നു സുഭാഷ് ചന്ദ്രബോസ് എന്ന ധീരദേശാഭിമാനിയുടേത്.
Comments