ദുബായ് : മത സഹിഷ്ണുതയ്‌ക്ക് പേരുകേട്ട യുഎഇയിൽ ഇന്ന് പുതിയ ഹിന്ദു ക്ഷേത്രം തുറക്കും. ശിവൻ ഗണപതി, കൃഷ്ണൻ, മഹാലക്ഷ്മി, അയ്യപ്പൻ എന്നിങ്ങനെ 16 ആരാധനാ മൂർത്തികളെയാണ് ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. ദുബായിലെ ജബൽ അലിയിൽ ഉയർന്ന ക്ഷേത്രം തുറക്കുന്നതോടെ ലക്ഷക്കണത്തിന് വിശ്വാസികളുടെ സ്വപ്‌നമാണ് സഫലമാകുന്നത്. ഒരു മാസം മുൻപേ ഹിന്ദു ക്ഷേത്രം വിശ്വാസികൾക്കായി തുറന്നിരുന്നു.
ഇന്ന് വൈകീട്ട് 5 മണിക്ക് യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനും ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറും ഉൾപ്പെടെയുള്ള അതിഥികളുടെ സാന്നിധ്യത്തിൽ ക്ഷേത്ര നടകൾ ഔദ്യോഗികമായി തുറക്കും. ജബൽ അലിയിൽ സിഖ് ഗുരുദ്വാരയുടെയും ക്രിസ്ത്യൻ പള്ളികളുടെയും സമീപമാണ് ക്ഷേത്രം ഒരുക്കിയിരിക്കുന്നത്.
ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭക്തരുടെ ഇഷ്ട ദൈവങ്ങളായ 15 ആരാധനാമൂർത്തികളെ ഈ ക്ഷേത്രത്തിൽ കുടിയിരുത്തിയിട്ടുണ്ട്. പ്രതിഷ്ഠകൾ ഇന്ത്യയിൽ നിന്നാണ് ഇവിടേക്ക് എത്തിച്ചിരിക്കുന്നത്. ശിവനാണ് ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. ഗണപതി, കൃഷ്ണൻ, മഹാലക്ഷ്മി, അയ്യപ്പൻ എന്നീ ദൈവങ്ങളുടെ പ്രതിഷ്ഠയും ക്ഷേത്രത്തിലുണ്ട്.
ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ക്യുആർ കോഡ് അധിഷ്ഠിത അപ്പോയിന്റ്മെന്റ് ക്ഷേത്ര മാനേജ്മെന്റ് സജീവമാക്കിയിട്ടുണ്ട്. രാവിലെ 6.30 മുതൽ രാത്രി 8 വരെ ക്ഷേത്രം തുറന്നിരിക്കും. 1000- 1200 ഭക്തർക്ക് വരെ ഒന്നിച്ചിരുന്ന് പ്രാർത്ഥന നടത്താനുളള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.
മണികളും ആനകളും പൂക്കളും അടങ്ങുന്ന ചിത്രപ്പണികളാണ് ക്ഷേത്രത്തിന്റെ വാതിലുകളിലും തൂണുകളിലും ചുവരുകളിലുമുള്ളത്. താമരപ്പൂവിലൂടെ പകൽ വെളിച്ചം ക്ഷേത്രത്തിന്റെ അകത്തളങ്ങളെ പ്രകാശിപ്പിക്കുന്നു. സിഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബും പ്രത്യേക പ്രതിഷ്ഠയായി ക്ഷേത്രത്തിലുണ്ട്. ഇതിനുള്ളിൽ പ്രവേശിക്കാൻ മാത്രം ആചാര പ്രകാരം തലയിൽ തുണി ധരിക്കണമെന്ന നിബന്ധനയുണ്ട്. മറ്റു സ്ഥലങ്ങളിൽ പ്രത്യേക വേഷ നിബന്ധനകളില്ല.














Comments