അഹമ്മദാബാദ്: ഗുജറാത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികളെ കൊണ്ട് നിർബന്ധിപ്പിച്ച് തജിയ നൃത്തം കളിപ്പിച്ചതായി പരാതി. നാദിയയിലെ ഹത്താജ് ഗ്രാമത്തിലെ പ്ലേ സെന്റർ സ്‌കൂൾ അദ്ധ്യാപികയ്‌ക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ കുട്ടികളുടെ മാതാപിതാക്കൾ ജില്ലാ കളക്ടർക്ക് പരാതി നൽകി. ഇസ്ലാം മത വിശ്വാസികളുടെ നൃത്തമാണ് തജിയ.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ ഒന്നിച്ച് സ്‌കൂളിൽ ഗർബ നൃത്തം കളിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ അദ്ധ്യാപികയുടെ ഇടപെടൽ മൂലം തജിയ നൃത്തമായിരുന്നു വിദ്യാർത്ഥികൾ അവതരിപ്പിച്ചത്. നവരാത്രി ആഘോഷ പരിപാടിയിൽ കുട്ടികൾ തജിയ നൃത്തം അവതരിപ്പിക്കുന്നത് കണ്ട രക്ഷിതാക്കൾ അമ്പരന്നു. ഇതേ തുടർന്ന് കാര്യം ആരാഞ്ഞപ്പോഴാണ് അദ്ധ്യാപിക തജിയ കളിച്ചാൽ മതിയെന്ന് പറഞ്ഞതായി വിദ്യാർത്ഥികൾ വെളിപ്പെടുത്തിയത്.
മുഹറം ദിനാഘോഷങ്ങളുടെ ഭാഗമായാണ് സാധാരണയായി തജിയ നൃത്തം കളിക്കാറുള്ളത്. വിദ്യാർത്ഥികൾ നൃത്തം കളിക്കുന്നതിന്റെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് നാനാഭാഗത്തു നിന്നും ഉയരുന്നത്. ഇതിനിടെയാണ് കളക്ടർക്ക് രക്ഷിതാക്കൾ പരാതി നൽകിയിരിക്കുന്നത്.
















Comments