ഇൻഡോർ: ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് ആശ്വാസ ജയം. 49 റൺസിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. 18.3 ഓവറിൽ ഇന്ത്യ ഓൾ ഔട്ട് ആയി. ടോസ് നേടിയെങ്കിലും ബാറ്റിംഗ് ദക്ഷിണാഫ്രിക്കയ്‌ക്ക് വിട്ടു നൽകുകയായിരുന്നു ഇന്ത്യ. റിലീ റൂസോയുടെ സെഞ്ച്വറിക്കരുത്തിൽ ഇന്ത്യക്കെതിരെ കൂറ്റൻ സ്കോറാണ് ദക്ഷിണാഫ്രിക്ക നേടിയത്. 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 227 റൺസാണ് ദക്ഷിണാഫ്രിക്ക അടിച്ചു കൂട്ടിയത്. 48 പന്തിൽ 8 സിക്സുകളും 7 ഫോറുകളുമടക്കം 100 റൺസുമായി റൂസോ പുറത്താകാതെ നിന്നു. ഓപ്പണർ ഡി കോക്ക് 68 റൺസും നേടി.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ പാളി. ക്യാപ്റ്റൻ രോഹിത് ശർമ്മ റൺസ് ഒന്നും എടുക്കാതെയും ഒരു റൺ എടുത്ത് ശ്രേയസ് അയ്യരും തുടക്കത്തിൽ തന്നെ ക്രീസിൽ നിന്നും മടങ്ങി. രോഹിത്തിനെ റബാഡയും ശ്രേയസ് അയ്യരെ പാർണലുമാണ് മടക്കി അയച്ചത്. പിന്നാലെ ക്രീസിലെത്തിയ ദിനേശ് കാർത്തിക്കും റിഷഭ് പന്തും കൂറ്റനടികളുമായി ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചു. എന്നാൽ അർദ്ധ സെഞ്ച്വറി നേടാൻ നാല് റൺസ് മാത്രം ബാക്കി നിൽക്കെ ദിനേശ് കാർത്തിക്കിനെ ഇന്ത്യക്ക് നഷ്ടമായി. നാല് സിക്സറും നാല് ഫോറുമടക്കം 21 പന്തിൽ നിന്നും 46 റൺസ് എടുത്താണ് കാർത്തിക് മടങ്ങിയത്.
14 പന്തിൽ നിന്ന് 27 റൺസ് റിഷഭ് പന്തും നേടി. കുറച്ചു പന്തിൽ നിന്ന് കുറ്റനടികൾ നടത്തി ദീപക് ചാഹറും മടങ്ങി. 3 സിക്സറും 2 ഫോറുമടക്കം 17 പന്തിൽ നിന്ന് 31 റൺസാണ് ചാഹർ നേടിയത്. സൂര്യകുമാർ യാദവ്-8, ആക്സർ പട്ടേൽ-9, ഹർഷൽ പട്ടേൽ-17, അശ്വിൻ-2, ഉമേഷ് യാദവ്-20, മുഹമ്മദ് സിറാജ്-5 എന്നിങ്ങനെയാണ് സ്കോർസ്. ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി ഡ്വെയ്ൻ പ്രിട്ടോറിയസ് മൂന്ന് വിക്കറ്റും വെയൻ പാർനെൽ, ലുങ്കി എൻഗിഡി, കേശവ മഹാരാജ് എന്നിവർ രണ്ട് വിക്കറ്റ് വീതവും റബാഡ ഒരു വിക്കറ്റും നേടി.
















Comments