ശ്രീനഗർ: ജമ്മു കശ്മീരിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വികസന പദ്ധതികൾ പൊതുയോഗത്തിൽ വിശദീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുൻപുണ്ടായിരുന്നവർ കല്ലും ബോംബും വെച്ച് കൊടുത്തിരുന്ന യുവാക്കളുടെ കൈകളിൽ മോദി സർക്കാർ തൊഴിലും കമ്പ്യൂട്ടറും വെച്ച് കൊടുക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു.
ജമ്മു കശ്മീരിൽ 1,960 കോടി രൂപയുടെ വികസന പദ്ധതികൾ അമിത് ഷാ ഉദ്ഘാടനം ചെയ്തു. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമാണ് കൂടുതൽ വികസന പദ്ധതികൾ അവതരിപ്പിക്കാൻ സാധിച്ചതെന്ന് അമിത് ഷാ പറഞ്ഞു. വികസനത്തിന് പകരം വിഘടനവാദം പ്രോത്സാഹിപ്പിച്ച ചില കുടുംബങ്ങളാണ് ജമ്മു കശ്മീരിനെ ഭീകരതയുടെ കേന്ദ്രമാക്കി മാറ്റിയതെന്നും അമിത് ഷാ പറഞ്ഞു.
കശ്മീരിൽ ഇന്ന് സംഭവിച്ചിരിക്കുന്ന മാറ്റങ്ങൾ എല്ലാവർക്കും കാണാവുന്നതാണ്. ഇതിന് മുൻപ് ഭരണത്തിൽ ഇരുന്നവരുടെ, ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളായിരുന്നു ജമ്മു കശ്മീരിന്റെ ദുരവസ്ഥയ്‌ക്ക് കാരണം. ചില കുടുംബങ്ങളിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന അധികാരമായിരുന്നു, ജനാധിപത്യ പുനസ്ഥാപനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലെ ജനങ്ങൾക്ക് നൽകിയതെന്നും അമിത് ഷാ പറഞ്ഞു.
സ്വാതന്ത്ര്യത്തിന് ശേഷം, 2019 വരെയുള്ള കാലത്ത് വെറും 15,000 കോടി രൂപയുടെ നിക്ഷേപം മാത്രമാണ് ജമ്മു കശ്മീരിൽ ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ഇവിടെ 56,000 കോടി രൂപയുടെ നിക്ഷേപം എത്തിക്കാൻ കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്ക് സാധിച്ചുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
ജമ്മു കശ്മീരിൽ വിനോദസഞ്ചാര മേഖല വികസനത്തിന്റെ പാതയിലാണ്. ഇതിന്റെ നേട്ടം യുവാക്കൾക്ക് ഉണ്ടാകുമെന്നും അമിത് ഷാ പറഞ്ഞു. നിലവിൽ ജമ്മു കശ്മീരിൽ ത്രിദിന സന്ദർശനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
















Comments