കണ്ണൂർ: രാഷ്‌ട്രീയ സ്വയംസേവക സംഘത്തെക്കുറിച്ച്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സദാനന്ദൻ മാസ്റ്ററുടെ ഹൃദയസ്പർശിയായ അനുഭവക്കുറിപ്പ് സാമൂഹിക മാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. കുടുംബത്തോടൊപ്പമുള്ള രാത്രി യാത്രയ്‌ക്കിടെ വാഹനം തകരാറിലായതും, തുടർന്നുണ്ടായ അനുഭവവുമാണ് അദ്ദേഹം പങ്കുവെക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: സംഘമാണ് ബലം;
സംഘബലത്തിലാണ് ജീവിതം…
‘സംഘം’ എന്ന പദത്തിന് അസാധാരണമായ അർത്ഥ തലങ്ങളുണ്ട്, അസാമാന്യമായ വ്യാഖ്യാന സാധ്യതകളുണ്ട്. സർവോപരി അന്യാദൃശമായ പ്രേരക ശക്തിയുണ്ട്.
രാഷ്‌ട്രീയ സ്വയംസേവക സംഘമെന്ന മഹാപ്രസ്ഥാനത്തെ അതിലുൾപ്പെട്ടവരും ബന്ധുജനങ്ങളും ഈ ദ്വയാക്ഷരിയിലൂടെയാണ് സ്വയം വിശേഷിപ്പിക്കുന്നത്. അക്ഷരാർത്ഥത്തിലും ഭാവാർത്ഥത്തിലും അനുഭവത്തിലും അതു നൽകുന്ന കരുത്തും ആത്മവിശ്വാസവും അളവറ്റതാണ്. ഒരിക്കലെങ്കിലും അതനുഭവിക്കാത്തവരുണ്ടാവില്ല…
അത്തരമൊരനുഭവം കഴിഞ്ഞ ദിവസമുണ്ടായി.
നവരാത്രി അവധിക്ക് നാട്ടിലായിരുന്നു.
തിരുവനന്തപുരത്തുള്ള മോള് രാത്രി 11.45 ന് തലശ്ശേരി റയിൽവേ സ്റ്റേഷനിലിറങ്ങും. പെരിഞ്ചേരിയിൽ നിന്ന് ശ്രീമതിയോടൊപ്പം കാറുമായി തലശ്ശേരിക്ക് വിട്ടു. 10 മിനിറ്റ് നേരത്തെ സ്റ്റേഷനിലെത്തി. കൃത്യസമയത്തു തന്നെ വണ്ടി വന്നു. എല്ലാ മേഖലയിലുമെന്നപോലെ റയിൽവേയിലും വലിയ മാറ്റമാണ് മോദി സർക്കാർ വരുത്തിയത്. മണിക്കൂറുകൾ വൈകിയെത്താറുള്ള തീവണ്ടികൾക്ക് സമയനിഷ്ഠ പാലിച്ച് സേവനം ചെയ്യാൻ സാധിക്കുന്നതും വൃത്തിയുള്ള സ്റ്റേഷനുകളും ട്രാക്കുകളുമുണ്ടായതുമൊക്കെ ആ മാറ്റത്തിന്റെ ഭാഗമാണ്….
ഏതായാലും മോളെയും കൂട്ടി സ്റ്റേഷനിൽ നിന്ന് വിടുമ്പോൾ 12 കഴിഞ്ഞു. അല്പദൂരം പിന്നിട്ടപ്പോൾ ശ്രീമതി അസ്വസ്ഥയായി പറഞ്ഞു,
‘ഏയ് ഇതന്താ വെള്ളം… കാല് നനയുന്നു…’
‘വെള്ളോ… ? ന്ത് വെള്ളം, കുപ്പീന്ന് പുറത്തേക്ക് പോയതാവും’ ന്ന് ഞാൻ.
റോഡിൽ വലിയ തിരക്കില്ല, രസായി വണ്ടി ഡ്രൈവ് ചെയ്തങ്ങനെ പോകുമ്പോ ശ്രീമതി വീണ്ടും …
‘മാഷേ, വണ്ടിയൊന്ന് സൈഡാക്കിയേ….’
‘ഉം… എന്താ?’
നിർത്തി നോക്കിയപ്പോ ആളിരിക്കുന്ന സീറ്റിനടിയിൽ ഒരു മാതിരി കലക്കു വെള്ളം നല്ലതോതിൽ… ഒരു പിടിയും കിട്ടുന്നില്ല. ഏന്തേലുമാവട്ടെ, വണ്ടി വിട്ടു….
കുറച്ചു കഴിഞ്ഞപ്പോൾ സ്പീഡോമീറ്ററിനടുത്ത് ചുവന്ന വാണിംഗ് ലൈറ്റ് തെളിഞ്ഞു…. ഗൗനിച്ചില്ല. അല്പം കൂടി മുന്നോട്ടെത്തി. ലൈറ്റ് ബ്ലിങ്ക് ചെയാൻ തുടങ്ങി. മോളിടപെട്ടു.
‘അച്ഛാ, വണ്ടി നിർത്ത് നോക്കട്ടെ’ എന്നായി അവൾ. മെല്ലെ സൈഡൊതുക്കി. മോള് അപ്പഴേക്കും ഗൂഗിൾ ലോകത്തേക്ക് കടന്നു. എന്താണാ വാണിംഗ് എന്നു നോക്കി. ഉത്തരം കിട്ടി, ടംപറേച്ചർ വാണിംഗ്….. എഞ്ചിൻ ചൂടായിരിക്കുന്നു…. ഉടനെ വണ്ടി നിർത്തിയിടണമെന്ന് ഗൂഗിൾ !
ഗൂഗിളിന്റെ നിർദേശം അനുസരിച്ചു. പത്തു മിനിറ്റ് കഴിഞ്ഞ് യാത്ര തുടർന്നു. ഏതാണ്ട് രണ്ടു കിലോമീറ്റർ കഴിഞ്ഞപ്പോൾ വീണ്ടും വാണിംഗ്….
ആകെ ആശയക്കുഴപ്പം. അതിനു കാരണമുണ്ട്. വണ്ടിയിൽ നിന്ന് റോഡിലിറങ്ങിക്കൂടാ… ഇടതു കാലിന് ച്ചിരി പ്രശ്നണ്ട്. (ഇടതാണല്ലോ എപ്പോഴും പ്രശ്നം…!!) വാക്കർ ഉപയോഗിച്ച് കയറാം, ഇറങ്ങാം. സഞ്ചാരം മുശ്ക്കിൽ.
വണ്ടി നിർത്തി. നേരം നട്ടപ്പാതിര….
സർവീസ് സ്റ്റേഷനിലെ മെക്കാനിക്ക് എഡ്വിനെ വിളിച്ചു. എഡ്വിൻ പൂർവ വിദ്യാർത്ഥികൂടിയാണ്. ഉറക്കച്ചടവിൽ അവനും പറഞ്ഞത് ചൂടായ വണ്ടി തണുപ്പിക്കാനാണ്. കതിരൂർ കഴിഞ്ഞ് ആറാം മൈലിനടുത്താണുള്ളത്. വീട്ടിലെത്താൻ ഇനിയും ഏതാണ്ട് 20 കിലോമീറ്റർ. നാട്ടിലേക്കു വിളിച്ച് വണ്ടി വരുത്താം…. അപ്പോഴുണ്ട് ഒരു വെളിപാടുപോലെ ശ്രീമതിയുടെ വക,
‘മാഷേ, ഇതിനടുത്തല്ലേ ശശിയേട്ടന്റെ വീട്…? വിളിക്ക്…’
ശരിയാണല്ലോ…
നേരമേറെ വൈകിയ കാരണം ഒന്ന് മടിച്ചുവെങ്കിലും കണ്ണൂർ വിഭാഗ് കാര്യകർത്താവ് ഡയമണ്ട് മുക്കിലുള്ള ശശിയേട്ടനെ (വി.ശശിധരൻ) വിളിച്ചു.
‘ന്താ മാഷേ ഈ നേരത്ത് …?’
ശശിയേട്ടന്റെ പ്രതികരണത്തിൽ ചെറിയ ടെൻഷൻ ഫീൽ ചെയ്തു…. സ്വാഭാവികം.
കാര്യം പറഞ്ഞു.
‘മാഷവിടെ നിൽക്കൂ. ഇപ്പോ തിരിച്ചുവിളിക്കാം.
പത്തു മിനിറ്റ് കഴിഞ്ഞ് ശശിയേട്ടന്റെ വിളി…
‘രണ്ടു പേർ അങ്ങോട്ടു വരുന്നുണ്ട്….. ‘
വൈകാതെ അവരെത്തി, കാറിൽ.
ഒന്ന് സുജേഷ്, നമ്മുടെ ധീര ബലിദാനി കതിരൂർ മനോജിന്റെ അടുത്ത ബന്ധു. മറ്റേയാൾ സനീഷ്. കാറിനടുത്തേക്ക് അവർ വന്നു. സ്നേഹത്തോടെയുള്ള നമസ്തെ, പിന്നെ അന്വേഷണം…
‘മെക്കാനിക്ക് ഇപ്പോ വരും. പറ്റിയാൽ പ്രശ്നം പരിഹരിച്ച് വണ്ടിയായിട്ട് മാഷക്ക് പോകാം. ശരിയായില്ലെങ്കിൽ വണ്ടി ഇവിടിരിക്കട്ടെ. മാഷെ ഞങ്ങൾ കൊണ്ടുവിട്ടോളാം….’
അല്പം കഴിഞ്ഞ് മെക്കാനിക്ക് നിഖിൽ കൂട്ടുകാരനുമായെത്തി. ഏതാണ്ട് ഒരു മണിക്കൂർ നേരത്തെ പരിശ്രമം. വണ്ടി റഡി!
റേഡിയേറ്റർ വഴി എ സി കൂളൻ്റിലുണ്ടായ സാങ്കേതികത്തകരാറ്…. പിന്നെന്തൊക്കെയോ നിഖിൽ പറഞ്ഞു. ചിലതൊന്നും മനസ്സിലായില്ല… തികച്ചും സാങ്കേതികം.
നിഖിലിന് ചെയ്ത ജോലിക്ക് പ്രതിഫലം നൽകാൻ കൈ നീണ്ടു. സ്നേഹപൂർവം നിരസിച്ചു…. ഏറെ നിർബന്ധിച്ചു. വാങ്ങാൻ കൂട്ടാക്കിയതേയില്ല.
‘മാഷ് ധൈര്യായിട്ട് വിട്ടോ…..’
വണ്ടിയെടുത്ത് പോരുന്നതുവരെ ആ സഹോദരങ്ങൾ അവിടെത്തന്നെ നിന്നു. നമസ്തെ ചൊല്ലി യാത്രയാക്കി.
ഞാനാലോചിച്ചു. നാലുപേരും പകലന്തിയോളം പണിയെടുത്ത്, വീട്ടിലെത്തി ഭക്ഷണം കഴിച്ച് സുഖമായി ഉറങ്ങുകയായിരുന്നിരിക്കും….നേരത്തെ എണിറ്റ് കാലത്ത് വീണ്ടും പണിക്കു പോകാൻ. പക്ഷെ ‘സംഘം’ അവരെ വിളിച്ചു. നിസ്വാർത്ഥമായി ദൗത്യം നിർവഹിച്ചു….
ഇതു പോലെ അടുത്ത വിളിക്ക് കാതോർത്തായിരിക്കും വീണ്ടും
ചെന്നു കിടന്നിട്ടുണ്ടാവുക…..
സംഘം അനുഭവമാണ്….
അനുഭൂതിയാണ്…
അനുസന്ധാനം ചെയ്യുന്നവർക്ക് അനുഗ്രഹമാണ്….
സംഘമാവണമെന്റെ ജീവിതം……
സംഘമയമാവട്ടെ സമാജം.
എല്ലാ ബന്ധുക്കൾക്കും
വിജയദശമി ആശംസകൾ 🚩🚩🚩
















Comments