ഇസ്ലമാബാദ് : യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി കൂടിക്കാഴ്ച നടത്തി പാകിസ്താൻ കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ . ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി സഹകരണം ഉറപ്പു വരുത്തുന്നതിനായാണ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്കബ് സള്ളിവനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കുചേർന്നു.
ആറ് വർഷത്തെ ഭരണത്തിന് ശേഷം വിരമിക്കൽ കലാവധി അടുത്തതിന് പിന്നാലെയാണ് ബജ്വ യുഎസ് പ്രതിരോധ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത്. ഉഭയകക്ഷി വ്യാപാര സഹകരണം , പ്രാദേശിക സുരക്ഷ എന്നീ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. കൂടാതെ ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വെൻഡി ഷെർമനുമായും കരസേന മേധാവി കൂടിക്കാഴ്ച നടത്തി.
പാകിസ്താനിലെ പ്രളയ ബാധിതരെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ആഗോള സഹായം ആവശ്യമാണെന്ന് ബജ്വ പറഞ്ഞു. ഒപ്പം യുഎസ് ഉദ്യോഗസ്ഥരുടെ പിന്തുണയ്‌ക്ക് നന്ദിയും അറിയിച്ചു. പ്രളയത്തെ തുടർന്ന് രാജ്യത്തിൽ 1,600 ലധികം ആളുകൾ കൊല്ലപ്പെടുകയും 33 ദശലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗത്തെ പ്രളയം പൂർണ്ണമായി ബാധിച്ചിരുന്നു. ഏകദേശം 30 ബില്യൺ യുഎസ് ഡോളറിന്റെ നാശനഷ്ടമാണ് പാകിസ്താനിൽ ഉണ്ടായതെന്നും കരസേന മേധാവി വ്യക്തമാക്കി.
പാക്കിസ്താനും യുഎസിനും ഉഭയകക്ഷി സഹകരണത്തിന്റെ നീണ്ട ചരിത്രമാണുള്ളത്. സാമ്പത്തിക,വ്യാപാര മേഖലകളിൽ വരും കാലങ്ങളിലും ബന്ധം മെച്ചപ്പെടുത്തുന്നത് തുടരുമെന്ന് ഇരു പക്ഷവും യോഗത്തിൽ വ്യക്തമാക്കി. അതേസമയം പാകിസ്താന്റെ സൈന്യവുമായുള്ള അമേരിക്കയുടെ ബന്ധം അടുത്തിടെ ശക്തമായിരുന്നു . ഇതിന്റെ ഫലമായി കഴിഞ്ഞ മാസം 450 മില്യൺ യുഎസ് ഡോളറിന്റെ എഫ്-16 ഫൈറ്റർ ജെറ്റ് സസ്റ്റനൻസ് പാക്കേജ് പാക്കിസ്താന് യുഎസ് പ്രഖ്യാപിച്ചിരുന്നു.
Comments