ന്യൂഡൽഹി : ഇന്ത്യ-പാകിസ്താൻ അതിർത്തിയായ അട്ടാരിയിൽ ഏറ്റവും വലിയ പതാക ഉയർത്താനൊരുങ്ങി രാജ്യം. 418 അടി ഉയരത്തിൽ പതാക ഉയർത്താനാണ് നാഷണൽ ഹൈവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനം. അതിർത്തിയിലെ പാകിസ്താൻ പതാകയേക്കാൾ ഉയരത്തിലാകും ത്രിവർണ്ണ പതാക ഉയർത്തുക.
നിലവിലുള്ള പതാകയ്‌ക്ക് 360 അടി ഉയരമാണ് ഉള്ളത്. 2017 ൽ 3.5 കോടി രൂപ ചിലവിട്ടാണ് ഇത് സ്ഥാപിച്ചത്. എന്നാൽ ഉടൻ തന്നെ പാകിസ്താൻ തങ്ങളുടെ പതാകയുടെ ഉയരം വർദ്ധിപ്പിച്ച് 400 അടിയാക്കി. തുടർന്നാണ് പതാകയുടെ ഉയരം വർദ്ധിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചത്. പാകിസ്താൻ പതാകയെ അപേക്ഷിച്ച് പുതിയ ത്രിവർണ്ണ പതാകയ്‌ക്ക് 18 അടി നീളം കൂടുതലായിരിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതി ലഭിച്ചതിന് പിന്നാലെ, പദ്ധതിയുടെ ടെൻഡർ നടപടികൾക്ക് ശേഷം കരാറുകാരനെ നിയമിച്ചതായി ഉദ്യോഗസ്ഥൻ പറഞ്ഞു.
കരാർ അംഗീകരിച്ചതായും 15-20 ദിവസത്തിനുള്ളിൽ പതാക സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ ആരംഭിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. പതാക സ്ഥാപിക്കുന്ന സ്ഥലം തീരുമാനിച്ചിട്ടില്ല. ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം, ജോയിന്റ് ചെക്ക് പോസ്റ്റിനടുത്ത് കാണികളുടെ ഗാലറിക്ക് സമീപമായിരിക്കും ഇത് സ്ഥാപിക്കുക. ഗാലറിയുടെ ഉയരം കാരണം ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിനെത്തുന്ന ആളുകൾക്ക് നിലവിലെ ഇന്ത്യൻ പതാക ശരിയായി കാണാനാകുന്നില്ലെന്ന് എൻഎച്ച്എഐ ഉദ്യോഗസ്ഥർ പറഞ്ഞു.
നിലവിലെ പതാക മാറ്റാനോ നീക്കം ചെയ്യാനോ പദ്ധതിയില്ല. പുതിയ പതാക സ്ഥാപിച്ചതിന് ശേഷം ഇത് മാറ്റിസ്ഥാപിക്കുന്നതിനെക്കുറിച്ചോ നീക്കം ചെയ്യുന്നതിനെക്കുറിച്ചോ തീരുമാനിക്കും. ഒരു മാസത്തിനകം പദ്ധതി പൂർത്തിയാക്കാനാണ് സാധ്യതയെന്നും വിവരമുണ്ട്.
നിലവിൽ, കർണാടകയിലെ കോട്ട് കേരെയിലുള്ള ബെലഗാവി കോട്ടയിലാണ് ഏറ്റവും ഉയരമുള്ള ഇന്ത്യൻ പതാകയുള്ളത്. 361 അടി വലിപ്പമുണ്ട ഇത്. അട്ടാരി അതിർത്തിയിലുള്ള പതാകയേക്കാൾ ഒരടി ഉയരം കൂടുതൽ.
Comments