വാഷിംഗ്ടൺ: കാലിഫോർണിയയിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെയടക്കം തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊല്ലപ്പെട്ട ജസ്ദീപ് സിംഗ് നടത്തുന്ന ട്രക്കിങ് കമ്പനിയിൽ അക്രമി എത്തുന്നതും അവിടെ നിന്ന് നാലംഗ കുടുംബത്തെ തട്ടിക്കൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
പ്രതിയെന്ന് കരുതുന്ന ജീസസ് മാനുവൽ സൽഗാഡോ എന്നയാളെ പോലീസ് പിടികൂടിയിരുന്നു.ഇയാൾ കമ്പനി ഓഫീസ് പ്രവർത്തിക്കുന്ന സ്ഥലത്ത് എത്തുന്നതും അവിടെ വെച്ച് ഒരാളോട് സംസാരിക്കുന്നതും ചുറ്റുപാടും നിരീക്ഷിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. അക്രമി ആദ്യം അമൻ ദീപ് സിംഗിന്റെ കൈ പിന്നിൽ കെട്ടി ട്രക്കിൽ കയറ്റി. പിന്നാലെ ഇയാൾ കുഞ്ഞിനെ എടുത്തിരുന്ന ജ്‌സദീപ് സിംഗിനെയും ട്രക്കിലേക്ക് കയറ്റി ഓടിച്ചുപോകുകയായിരുന്നു.
കമ്പനി ഓഫീസിൽ നിന്ന് സാധനങ്ങൾമോഷണം പോയിട്ടില്ലെന്നും എന്നാൽ കൊല്ലപ്പെട്ടവരിൽ ഒരാളുടെ എടിഎം കാർഡ് പ്രതി ഉപയോഗിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. എടിഎം കാർഡ് വീണ്ടും ഉപയോഗിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമി പിടിയിലാവുന്നത്.
എട്ടുമാസം പ്രായമായ പെൺകുഞ്ഞടക്കമുള്ള നാലംഗ കുടുംബത്തെ തിങ്കളാഴ്ചയാണ് തട്ടിക്കൊണ്ടുപോയത്. ജസ്ദീപ് സിംഗ്(36), ഭാര്യ ജസ്ലീൻ കൗർ (27), മകൾ അരൂഹി ദേഹി, ബന്ധു അമൻ ദീപ് സിംഗ് എന്നിവരെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ പ്രദേശത്തെ ഒരു തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
















Comments