ഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് ഉദിത് രാജിനെതിരെ ദേശീയ വനിതാ കമ്മീഷൻ രംഗത്ത്. രാഷ്‌ട്രപതിക്കെതിരെ നടത്തിയ അധിക്ഷേപകരമായ പരമാർശം പിൻവലിച്ച് ഉദിത് രാജ് മാപ്പ് പറയണമെന്ന് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കോൺഗ്രസ് നേതാവിന് ദേശീയ വനിതാ കമ്മീഷൻ നോട്ടീസും നൽകി.
ദ്രൗപദി മുർമുവിനെ പോലെയുള്ള രാഷ്ട്രപതിയെ ഒരു രാജ്യത്തിനും ലഭിക്കാൻ പാടില്ല എന്നായിരുന്നു ഉദിത് രാജിന്റെ വിവാദ പരാമർശം. കഠിനാധ്വാനത്തിലൂടെ പരമോന്നത ഭരണഘടനാ പദവിയിലെത്തിയ ഒരു സ്ത്രീയ്‍ക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്തുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മ പ്രതികരിച്ചു.
സംഭവത്തിൽ പ്രതിഷേധവുമായി ബിജെപിയും രംഗത്ത് എത്തി. പ്രസിഡന്റിനെതിരെ നടത്തിയത് ഉദിത് രാജ് നടത്തിയത് ദൗർഭാഗ്യകരമായ വാക്കുകളാണ്. കോൺഗ്രസിന്റെ അധീർ രഞ്ജൻ ചൗധരി അടക്കം ഇതിന് മുമ്പും കോൺഗ്രസ് നേതാക്കൾ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും ഇതെല്ലാം തെളിയിക്കുന്നത് കോൺഗ്രസിന്റെ ഗോത്രവിരുദ്ധ മനോഭാവമാണെന്നും ബിജെപി വിമർശിച്ചു. അതേസമയം, സംഭവം വിവാദമായതോടെ താൻ പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കോൺഗ്രസിന്റെ നിലപാട് അല്ലെന്നുമാണ് ഉദിത് രാജിന്റെ ന്യായീകരണം.
















Comments