ഗാന്ധിനഗർ: വ്യവസായ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ആത്മനിർഭർ ഗുജറാത്ത് പദ്ധതി ആവിഷ്‌കരിച്ച് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ. വ്യവസായങ്ങളെ ആഗോള വിതരണ ശൃംഖലയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം.
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2047-ൽ ‘ആത്മനിർഭർ ഭാരത്’ വിഭാവനം ചെയ്തിട്ടുണ്ടെന്നും അതിന് മുന്നോടിയായി സംസ്ഥാനത്തെ വ്യവസായങ്ങളെ ഉത്തേജിപ്പിക്കുകയാണ് ഉദ്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ഷേപകരെയും വ്യവസായങ്ങളെയും ആകർഷിക്കുകയും അതുവഴി തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനും കഴിയുമെന്ന് പട്ടേൽ പറഞ്ഞു. ആത്മനിർഭർ ഗുജറാത്ത് പദ്ധതികൾ വരും വർഷങ്ങളിൽ ഗുജറാത്തിന്റെ നിർമ്മാണ മേഖലയെ മാറ്റിമറിക്കുമെന്ന് വ്യവസായ സഹമന്ത്രി ജഗദീഷ് വിശ്വകർമ പറഞ്ഞു. ഗുജറാത്തിൽ 15 ലക്ഷത്തിലധികം ആളുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിയിലൂടെ 12.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഉത്പാദനകേന്ദ്രമായ ഗുജറാത്ത് സംരംഭകരുടെ നാടാണെന്നും പ്രധാനമന്ത്രിയുടെ ദർശനമായ ആത്മനിർഭർ ഭാരത് നിറവേറ്റുന്നതിൽ ബൃഹത്തായ പങ്ക് വഹിക്കാൻ കഴിയുമെന്നും പട്ടേൽ വ്യക്തമാക്കി. വ്യവസായങ്ങളെ പ്രേത്സാഹിപ്പിക്കുന്ന ആത്മനിർഭർ ഗുജറാത്ത് സ്‌കീമുകൾ സംരംഭകർക്ക് ഉപകാരപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments