ന്യൂഡൽഹി: ഭീകര സംഘടനകളുടെ വളർച്ചയ്‌ക്ക് സഹായിക്കുന്നത് വിദേശരാജ്യങ്ങളിൽ നിന്നുള്ള സഹായമാണെന്നും ആഗോളഭീകരവാദത്തിനെതിരായ പോരാട്ടം വിജയിക്കാൻ ഇത്തരം സാമ്പത്തിക സഹായം ഇല്ലാതാക്കണമെന്ന ആവശ്യവുമായി കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. യുഎൻ രക്ഷാസമിതിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരസംഘടനകളെയും സായുധസംഘങ്ങളെയും വളർത്തുന്നത് രഹസ്യ ഇടനാഴികളിലൂടെ എത്തുന്ന സാമ്പത്തിക സഹായമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആഫ്രിക്കൻ രാജ്യങ്ങളിൽ ഭീകരവാദം വ്യാപിക്കുന്നതിൽ മന്ത്രി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
അൽ ഖ്വയ്ദവും ഇസ്ലാമിക് സ്റ്റേറ്റും അനുബന്ധ ഭീകരപ്രസ്ഥാനങ്ങളും ആഫ്രിക്കൻ മേഖലയിൽ ശക്തിപ്രാപിക്കുകയാണെന്നും പ്രകൃതിവിഭവങ്ങളെ സാമ്പത്തിക സ്രോതസുകളാക്കിയും ജനതയെ അടിമകളാക്കിയും ഭീകരർ ആധിപത്യം സ്ഥാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വർണവും ധാതുവിഭവങ്ങളും വനവിഭവങ്ങളുമെല്ലാം ഭീകര സംഘടനകളുടെ കരുത്ത് കൂട്ടുന്ന പണാടിത്തറയായി മാറകയാണെന്നും മുരളീധരൻ വ്യക്തമാക്കി. ഭീകരതയ്‌ക്ക് തടയിട്ടില്ലെങ്കിൽ സായുധകലാപങ്ങൾ പതിവായ ഭൂഖണ്ഡത്തിന് ഇരട്ടിപ്രഹരമാകുമെന്ന് മന്ത്രി പറഞ്ഞു. ഏത് സമയത്തും ആക്രമണങ്ങളും സ്‌ഫോടനങ്ങളും ഉണ്ടായേക്കാമെന്ന സാഹചര്യം ആഫ്രിക്കൻ രാജ്യങ്ങളുടെ സ്ഥിരതയെയും സമാധാനത്തെയും ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മദ്ധ്യ ആഫ്രിക്കൻ രാജ്യങ്ങളിലെ സാമൂഹിക വികസനത്തിനും സാമ്പത്തിക പുരോഗതിക്കും കടുത്ത വെല്ലുവിളിയാണ് ഭീകരസംഘടനകൾ ഉയർത്തുന്നതെന്നും ആഫ്രിക്കൻ രാജ്യങ്ങളിലെ ആഭ്യന്തര കലാപത്തിന് പിന്നിൽ ഭീകര സംഘടനകൾക്ക് പങ്കുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നത് ഭീകരതയ്‌ക്ക് കൂട്ട് നിൽക്കുന്നതിന് തുല്യമാകുമെന്നും വിദേശകാര്യസഹമന്ത്രി അഭിപ്രായപ്പെട്ടു. ആഫ്രിക്കയുടെ പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്നത് തടയാൻ അന്താരാഷ്‌ട്ര സമൂഹം സഹായം വർധിപ്പിക്കണം. യു.എൻ ഭീകരവിരുദ്ധ സമിതിയുടെ അധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യ, ഭീകരതക്കെതിരെ പോരാടുമെന്നും അദ്ദേഹം യുഎൻ രക്ഷാ സമിതിയിൽ വ്യക്തമാക്കി.
















Comments