കൊല്ലം: വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ബസുകളിൽ വ്യാപകമായ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്. നിയമം ലംഘിച്ച് വിനോദയാത്ര നടത്തിയ നിരവധി വാഹനങ്ങൾ എംവിഡി തടഞ്ഞു. കൊട്ടാരക്കരയിൽ എത്തിയ വിനോദയാത്രാ ബസും തടഞ്ഞവയിൽ ഉൾപ്പെടുന്നു. ബസിന് സ്പീഡോ മീറ്റർ ഉണ്ടായിരുന്നില്ലെന്ന് എംവിഡി അറിയിച്ചു.
തലച്ചിറയിലെ സ്വകാര്യ കോളേജിൽ നിന്നും വിനോദയാത്ര പോയ ബസാണ് തടഞ്ഞത്. ടൂറിസ്റ്റ് ബസിൽ നിരോധിത ലേസർ ലൈറ്റുകളും വലിയ ശബ്ദസംവിധാനവുമുണ്ടായിരുന്നു. ‘ലണ്ടൻ’ എന്ന് പേരുള്ള ടൂറിസ്റ്റ് ബസിനെതിരായാണ് എംവിഡിയുടെ നടപടി.
അതിനിടെ കോഴിക്കോട് ജില്ലയിൽ അപകടകരമായ രീതിയിൽ സർവീസ് നടത്തിയ വാഹനങ്ങൾക്കെതിരെയും മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. 18ഓളം കോൺട്രാക്ട് കാര്യേജ് വാഹനങ്ങക്കെതിരെയാണ് കേസെടുത്തത്. കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് ആർടിഒയുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന.
വേഗപ്പൂട്ട് അഴിച്ചിട്ടിരിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കുന്നതിന് അധികൃതർ ശുപാർശ ചെയ്തു. കേൾവി ശക്തിയെ ബാധിക്കുന്ന തരത്തിലുള്ള നിരോധിത എയർഹോണുകൾ ഉൾപ്പെടെ ഘടിപ്പിച്ച വാഹനങ്ങളെ കരിമ്പട്ടികയിൽ ചേർക്കുകയും ചെയ്തിട്ടുണ്ട്. പരിശോധന വിവിധ വാഹനങ്ങൾക്കെതിരെ 1,28,000 രൂപ പിഴയും ചുമത്തി.
















Comments