ന്യൂഡൽഹി: കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ആറ് ഇന്ത്യൻ തടവുകാർ പാകിസ്താന്റെ കസ്റ്റഡിയിൽ കഴിയവേ മരിച്ചുവെന്നത് അത്യധികം ഭയപ്പെടുത്തുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം. അഞ്ച് മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ ആറ് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ശിക്ഷ പൂർത്തിയായെങ്കിലും നിയമവിരുദ്ധമായി പാകിസ്താന്റെ തടങ്കലിൽ വെച്ചിരിക്കവെയാണ് മത്സ്യത്തൊഴിലാളികൾക്ക് മരണം സംഭവിച്ചതെന്ന് എംഇഎ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
ഇത്തരം സംഭവങ്ങൾ ഭയപ്പെടുത്തുന്നതാണ്. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. ഇന്ത്യൻ തടവുകാരുടെ സുരക്ഷ ഉറപ്പുവരുത്താൻ പാകിസ്താൻ ബാധ്യസ്ഥരാണെന്നും അരിന്ദം ബാഗ്ചി കൂട്ടിച്ചേർത്തു.
ഒരു വർഷം മുമ്പ് കടലിൽ നിന്ന് പാകിസ്താൻ പിടികൂടിയ ഗുജറാത്തിൽ നിന്നുള്ള 50-കാരനായ മത്സ്യത്തൊഴിലാളി അജ്ഞാതമായ കാരണങ്ങളാൽ ജനുവരിയിൽ മരിച്ചു. സമാനമായ സാഹചര്യത്തിലാണ് മറ്റ് മത്സ്യത്തൊഴിലാളികളും മരിച്ചത്. ഇന്ത്യൻ തടവുകാരെ ശിക്ഷാകാലാവധി കഴിഞ്ഞും തടവിൽ വെക്കുന്ന പാകിസ്താന്റെ നയത്തിനെതിരെയും സുരക്ഷ നൽകാത്ത സമീപനത്തിനെതിരെയുമാണ് ഇന്ത്യ വിമർശനമുന്നയിച്ചത്.
Comments