തങ്ങളുടെ പുതിയ ഇലക്ട്രിക് എസ്‍യുവിയെ വാഹനപ്രേമികൾക്ക് പരിചയപ്പെടുത്തി ഹോണ്ട. ജനറൽ മോട്ടോഴ്‌സുമായി സഹകരിച്ചാണ് പുതിയ ഇലക്ട്രിക് എസ്‌യുവിയായ ‘പ്രോലോഗ്’ ഹോണ്ട നിർമ്മിക്കുന്നത്. കമ്പനിയുടെ നിലവിലെ CR-V മോഡലിന് മുകളിലാണ് പ്രോലോഗ് എസ്‍യുവിയുടെ സ്ഥാനം. 2024-ൽ ഒരു ഓൾ-ഇലക്‌ട്രിക് എസ്‌യുവിയായി പ്രോലോഗ് പുറത്തിറക്കനാണ് ഹോണ്ട പദ്ധതിയിടുന്നത്. ഈ പുതിയ എസ്‌യുവി 2024 ആദ്യം വടക്കേ അമേരിക്കയിൽ വിൽപ്പനയ്‌ക്കെത്തും.
CR-V-യെക്കാൾ 203 എംഎം നീളവും 127 എംഎം വീതിയുമുള്ള വീൽബേസാണ് പ്രോലോഗിന് ഹോണ്ട നൽകിയിരിക്കുന്നത്. 21 ഇഞ്ച് ചക്രങ്ങളും വാഹനത്തിന് നൽകിയിരിക്കുന്നു. മുൻഭാഗം ഹോണ്ട E ഇലക്ട്രിക് സിറ്റി കാറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ്. ലോസ് ഏഞ്ചൽസിലെ ഒരു ടീമാണ് പ്രോലോഗ് ഇവിയുടെ രൂപവും ഇന്റീരിയറും ഡിസൈൻ ചെയ്തതെന്ന് ഹോണ്ട പറയുന്നു. ‘നിയോ-റഗ്ഗ്ഡ്’ ഡിസൈൻ പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഹോണ്ട പ്രോലോഗ് ഇവിയുടെ ക്യാബിനും മനോഹരമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഷോർ പേൾ എന്ന പ്രത്യേക പെയിന്റിംഗാണ് പ്രോലോഗിന് ഹോണ്ട നൽകിയത്.
11.3 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീനുമായി ചേർന്നിരിക്കുന്ന 11 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേ വാഹനത്തിന് കമ്പനി നൽകിയിരിക്കുന്നു. ഇന്റീരിയർ നിറങ്ങൾ പർവ്വതങ്ങളിലെ മഞ്ഞിന്റെ നിറവുമായാണ് കമ്പനി താരതമ്യപ്പെടുത്തുന്നത്. പവർട്രെയിൻ വിശദാംശങ്ങൾ ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ 510 കിലോമീറ്റർ റേഞ്ചും പരമാവധി 190 കിലോവാട്ട് വരെ ബാറ്ററി കപ്പാസിറ്റിയും വാഹനത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments