ബെംഗളൂരു: കോൺഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനത്തേയ്‌ക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയ്‌ക്ക് പാർട്ടിയ്‌ക്കുള്ളിൽ സ്വതന്ത്ര്യമായി തീരുമാനമെടുക്കാനും പാർട്ടിയെ നയിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് രാഹുൽ ഗാന്ധി. കർണാടകയിൽ പുരോഗമിക്കുന്ന ഭാരത് ജോഡോ യാത്രയ്‌ക്കിടെ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ധ്യക്ഷ സ്ഥാനത്തേയ്‌ക്ക് നാമനിർദ്ദേശ പത്രിക നൽകിയ രണ്ട് പേർക്കും അവരുടേതായ സ്ഥാനവും കാഴ്ചപ്പാടുകളുമുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
അദ്ധ്യക്ഷ സ്ഥാനത്തേയ്‌ക്ക് മത്സരിക്കുന്നവരെ റിമോട്ട് കൺട്രോൾ എന്ന് വിളിക്കുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഗാന്ധി കുടുംബത്തിനു പുറത്തു നിന്നും കോൺഗ്രസിന് അദ്ധ്യക്ഷൻ വന്നാലും ഭരിക്കുന്നത് ഗാന്ധി കുടുംബം തന്നെ ആയിരിക്കും എന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. ആര് അദ്ധ്യക്ഷനായാലും അവർ ഗാന്ധി കുടുംബത്തിന്റെ റിമോർട്ട് കൺട്രോളിലായിരിക്കുമെന്ന് ബിജെപിയും വിമർശനം ഉന്നയിച്ചിരുന്നു.
അതേസമയം, വിവിധ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും സ്വാഗതം ചെയ്യുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നാണ് രാഹുൽ ഗാന്ധിയുടെ അവകാശവാദം. കോൺഗ്രസ് ഒരു ഫാസിസ്റ്റ് പാർട്ടിയല്ല എന്നും പൊതു തിരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് തങ്ങൾക്കറിയാം എന്നും മാദ്ധ്യമ പ്രവർത്തകരോട് രാഹുൽ ഗാന്ധി പറഞ്ഞു.
Comments