കാസർകോട്: പൊതുവേദിയിൽ പരസ്പരം താറടിച്ച് ഉണ്ണിത്താൻ എം പിയും മന്ത്രി മുഹമ്മദ് റിയാസും. പള്ളിക്കരയിൽ ബി ആർ ഡി സിയുടെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങിനിടെയായിരുന്നു ഉണ്ണിത്താന്റെ പ്രസംഗവും മന്ത്രിയുടെ മറുപടിയും. മന്ത്രിമാരെ വഷളാക്കുന്നത് കുറേ അവതാരങ്ങളാണെന്നാണ് എംപി വിമർശിച്ചത്. യോഗത്തിൽ മന്ത്രി വൈകിയതുമായി ബന്ധപ്പെട്ടായിരുന്നു എംപിയുടെ വിമർശനം. യോഗത്തിൽ 10 മണിക്ക് മന്ത്രി എത്തുമെന്നാണ് പറഞ്ഞിരുന്നത് എന്നാൽ 12 മണി ആയപ്പോഴാണ് എത്തിയത് എന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ ഏറ്റവും അടുത്ത ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞാൽ പോലും ഞാനതൊന്നും മൈൻഡ് ചെയ്യില്ല. അത്തരം ആളുകളെ വെച്ച് കേരളത്തിൽ ഭരണം നടത്തിയാൽ മന്ത്രിയുടെ പേര് ചീത്തയാകും എന്നല്ലാതെ മന്ത്രിയെ നല്ല രീതിയിൽ കൊണ്ടു വരേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കാണ്. ഓരോ ഭരണം വരുമ്പോഴും കുറേ അവതാരങ്ങൾ വരും, മന്ത്രിമാരെ വഷളാക്കാൻ. മന്ത്രിമാരൊക്കെ അവരുടെ ജോലി ചെയ്യുമ്പോൾ അവരെ വഷളാക്കുന്നത് ഇത്തരം അവതാരങ്ങളായി എത്തുന്ന ഉദ്യോഗസ്ഥരാണ്.
അവർക്ക് ഒരു അവതാര ലക്ഷ്യമുണ്ട്. അത് പൂർത്തിയാക്കുമ്പോൾ അടുത്തഭരണം വരുമ്പോൾ അവരെ പിടിക്കും. അത് അവരുടെ ഒരു സ്ഥിരം ജോലിയാണ്. വാദിയെ പ്രതിയാക്കണോ, പ്രതിയെ വാദിയാക്കണോ എന്തിനും അവർ തയ്യാറാണെന്നും പ്രസംഗത്തിനിടെ എംപി വ്യക്തമാക്കി. എന്നാൽ ഇതു കേട്ടതോടെ തനിക്ക് ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞുകൊണ്ട് റിയാസ് വിഷയത്തിൽ ഇടപെടുകയായിരുന്നു. 12 മണിക്കാണ് താൻ എത്തുക എന്ന് സംഘാടകരെ അറിയിച്ചിരുന്നു എന്ന് വ്യക്തമാക്കി.
ഇതിന് പുറമെ എംപിയുടെ വിമർശനം റിയാസിന് അത്ര രസിച്ചതും ഇല്ല. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് തുള്ളുകയോ അവരുടെ കുഴിയിൽ വീഴുകയോ ചെയ്യുന്നവരല്ല ഇടതുപക്ഷ മന്ത്രിമാർ അങ്ങനെ മുന്നണിയിലെ എല്ലാ മന്ത്രിമാരും അങ്ങനെയെന്ന് പറയണ്ട. റിയാസ് മാത്രം അങ്ങനെയാണ് എന്ന് പറഞ്ഞാൽ ഞാൻ അംഗീകരിക്കാം. ഇടതുപക്ഷ മുന്നണിയിലെ എല്ലാ മന്ത്രിമാരെക്കുറിച്ചും ഒരു മന്ത്രിക്ക് എങ്ങനെയാണ് അഭിപ്രായം പറയാനാകുന്നതെന്ന് റിയാസും ചോദിച്ചു.
















Comments