ലക്നൗ: 2024ന് മുമ്പ് ഉത്തർപ്രദേശിലെ റോഡുകളെ അമേരിക്കയിലെ റോഡുകളേക്കാൾ മികച്ചതാക്കുമെന്ന് കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ (ഐആർസി) 81-ാം സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ഉത്തർപ്രദേശിലെ റോഡുകൾ കൂടുതൽ മികച്ചതാക്കുന്നതിന് 8,000 കോടി രൂപയുടെ പാക്കേജും കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു. ഷഹാബാദ്-ഹർദോർ ബൈപാസ്, ഷജഹൻപൂർ-ഷഹാബാദ് ബൈപാസ്, മൊറാദാബാദ് – താക്കൂർദ്വാര – കാശിപൂർ ബൈപാസ്, ഗാസിപൂർ-ബല്ലിയ ബൈപാസ് എന്നിവയ്ക്കെല്ലാമായി 8,000 കോടി രൂപ ഇതിനോടകം അനുവദിച്ചിട്ടുണ്ട്. 2024-ന് മുമ്പ് ഉത്തർപ്രദേശിലെ റോഡുകൾ അമേരിക്കയേക്കാൾ മികച്ചതാകണം. ഇതിനായി യുപിയിൽ അഞ്ച് ലക്ഷം കോടി രൂപയുടെ പദ്ധതിക്കാണ് മോദി സർക്കാർ അംഗീകാരം നൽകാൻ പോകുന്നതെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലക്നൗവിലെ വസതിയിൽ അവലോകന യോഗം നടത്തിയ ഗഡ്കരി ഉത്തർപ്രദേശിലെ നിലവിലുള്ള എല്ലാ ദേശീയപാതാ പദ്ധതികളെക്കുറിച്ചും വിശദമായി ചർച്ച ചെയ്തു. യോഗി ആദിത്യനാഥ് സർക്കാരിൽ നിന്ന് തനിക്കുള്ള പ്രതീക്ഷകളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു.
നഗര ഗതാഗതത്തിനായി ഇലക്ട്രിക് ഡബിൾ ഡെക്കർ എയർ കണ്ടീഷൻഡ് ബസുകൾ അവതരിപ്പിക്കുന്നതിന് യുപി സർക്കാർ തയ്യാറാകണമെന്ന് നിതിൻ ഗഡ്കരി അഭ്യർത്ഥിച്ചു. അന്തരീക്ഷ മലിനീകരണവും കാർബണിന്റെ ബഹിർഗമനവും നേരിടുന്നതിന് ഡീസൽ, പെട്രോൾ തുടങ്ങിയ ഇന്ധനങ്ങളുടെ ഉപയോഗം ഘട്ടംഘട്ടമായി നിർത്തലാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി യോഗിയോട് ഗഡ്കരി ആവശ്യപ്പെട്ടു.
Comments