മുംബൈ: ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ച ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്‌ക്കെതിരെ സൈബർ ആക്രമണവുമായി മതതീവ്രവാദികൾ. പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ടുള്ള സമൂഹമാദ്ധ്യമ പോസ്റ്റിന് താഴെയാണ് താരത്തെ അധിക്ഷേപിച്ചുകൊണ്ട് മതതീവ്രവാദികൾ രംഗത്തുവന്നിരിക്കുന്നത്. പ്രിയങ്കയുടേത് പക്ഷപാതപരമാണെന്നാണ് വിമർശനം.
ഇന്ത്യയിലെ ഹിജാബ് വിവാദം ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക ചോപ്രയ്‌ക്കെതിരെ മതതീവ്രവാദികൾ സൈബർ ആക്രമണം നടത്തുന്നത്. ഇന്ത്യയിലെ ഹിജാബ് വിവാദത്തോട് പ്രതികരിക്കാത്ത പ്രിയങ്കയുടെ നിലപാട് ഇരട്ടത്താപ്പ് ആണെന്നാണ് വിമർശനം . ഹിജാബ് ധരിക്കുന്നതിന്റെ പേരിൽ വിദ്യാഭ്യാസം നിഷേധിക്കുന്ന നാടാണ് ഇന്ത്യ. ഇതിനെതിരെയാണ് പ്രതികരിക്കേണ്ടത്. ഹിജാബ് ധരിക്കണോ, പാവാട ധരിക്കണോ എന്നത് തങ്ങൾ തീരുമാനിക്കും എന്നും പോസ്റ്റിന് താഴെ കമന്റ് ഉണ്ട്.
ഇന്ത്യയിലെ മുസ്ലീം സ്ത്രീകൾ കടുത്ത ദുരിതത്തിലാണ്. ഇവർക്ക് മതം അനുഷ്ഠിക്കാനോ, മത വസ്ത്രം ധരിക്കാനോ ഉള്ള സ്വാതന്ത്ര്യം ഇല്ല. അതിനാൽ ഹിജാബ് ധരിക്കാതിരിക്കാൻ പ്രതിഷേധിക്കുന്നവർക്ക് അല്ല , മറിച്ച് ഹിജാബ് ധരിക്കാൻ വേണ്ടിയുള്ള പ്രതിഷേധത്തെയാണ് പിന്തുണയ്‌ക്കേണ്ടത് എന്ന ഉപദേശവും നടിയ്‌ക്ക് നൽകുന്നുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധത്തെ പിന്തുണച്ച് പ്രിയങ്ക ചോപ്ര രംഗത്ത് എത്തിയത്. ഇറാനിലെ സ്ത്രീകൾ ഒരു അഗ്നിപർവ്വതം പോലെ പൊട്ടിത്തെറിക്കുകയാണെന്നായിരുന്നു നടിയുടെ പരാമർശം. സ്ത്രീകളുടെ ധൈര്യത്തെ പ്രശംസിക്കുന്നതായും നടി പറഞ്ഞിരുന്നു.
Comments