എറണാകുളം : കരൾ രോഗത്തിന് ചികിത്സയിൽ കഴിയുന്ന നടൻ വിജയൻ കാരന്തൂരിന് സഹായം അഭ്യർത്ഥിച്ച് നടൻ അജു വർഗീസ്. ഫേസ്ബുക്കിലൂടെയാണ് താരം സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്. വിജയൻ കാരന്തൂരിനായി നമ്മുക്ക് കൈകോർക്കാം എന്ന പോസ്റ്ററും അജു പങ്കുവച്ചിട്ടുണ്ട്. പോസ്റ്ററിൽ കാരന്തൂരിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
അജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.മലയാള സിനിമയിൽ നിരവധി കാഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള വിജയൻ കഴിഞ്ഞ അഞ്ച് വർഷമായി കരൾ രോഗത്തെ തുടർന്ന് ചികിത്സയിലാണ്. അദ്ദേഹം തന്നെയാണ് രോഗവിവരം ഫേസ്ബുക്കിലൂടെ പ്രേക്ഷകരെ അറിയിച്ചത്.
വിജയൻ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
പ്രിയപ്പെട്ടവരേ , കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ ഗുരുതരമായ കരൾ രോഗത്താൽ ബുദ്ധിമുട്ടനുഭവിച്ചു വരികയാണ്. ചികിത്സക്കായി നല്ലൊരുതുക ചെലവിടേണ്ടിയും വന്നു. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂർദ്ധന്യാവസ്ഥയിലാണ്. ലിവർ ട്രാൻസ് പ്ലാന്റേഷൻ മാത്രമാണ് ഏക പോംവഴി. ഒരു കരൾ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിൽ തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകർന്നടിയുന്നു. ആയതിനാൽ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താൻ എന്നെ സഹായിക്കുകയും, എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു
മരം എന്ന ചിത്രത്തിലൂടെയാണ് വിജയൻ കാരന്തൂർ സിനിമയിലെത്തുന്നത്. ഏകദേശം 20 വർഷക്കാലം തിയറ്റർ-നാടക മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നടനെന്നതിലുപരി സംവിധായകൻ, പരിശീലകൻ തുടങ്ങിയ വിവിധ മേഖലകളിൽ അനുഭവസമ്പത്തുള്ള കലാകാരൻ കൂടിയാണ് വിജയൻ. നസ്രാണി, ഭക്തജനങ്ങളുടെ ശ്രദ്ധയ്‌ക്ക്, മായാവി, ഹൗ ഓൾഡ് ആർ യൂ, എന്ന് നിന്റെ മെയാതീൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
















Comments