ജയ്പൂർ : ദളിത് യുവതിയെ ദിവസങ്ങളോളം തടവിലാക്കി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. രാജസ്ഥാനിലെ അജ്‌മേറിലാണ് സംഭവം. 25 കാരിയായ യുവതിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സഞ്ജയ് ശർമ്മ എന്നയാളാണ് യുവതിയെ ആദ്യം ബലാത്സംഗം ചെയ്തത്. തുടർന്ന് ഇയാൾ യുവതിയെ മറ്റുള്ളവർക്ക് കൈമാറുകയായിരുന്നു. വീട്ടിൽ തനിച്ചായിരുന്ന സമയത്ത് ഇയാൾ യുവതിയെ പീഡനത്തിന് ഇരയാക്കി. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി. ഭർത്താവിനെയും കുട്ടികളെയും കൊല്ലുമെന്നായിരുന്നു ഭീഷണി. യുവതിയിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്തിരുന്നു.
പിന്നീട് ഇയാൾ ഇവരെ തടവിലാക്കി സുഹൃത്തുക്കൾക്ക് കൈമാറി. മയക്കുമരുന്ന് അടക്കം കുത്തിവെച്ചാണ് പ്രതികൾ കൂട്ടബലാത്സംഗം ചെയ്തത്. ഒരു മാസത്തിനിടെ ഇവർ പലതവണ കൂട്ടബലാത്സംഗത്തിന് ഇരയായി.
യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഇവരുടെ ഭർത്താവാണ് പോലീസിനെ സമീപിച്ചത്. ഇതോടെ പ്രതികൾ യുവതിയെ പോലീസ് സ്‌റ്റേഷന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ എത്ര പേർ ചേർന്നാണ് ഇവരെ പീഡിപ്പിച്ചത് എന്ന് വ്യക്തമല്ല. മയക്കുമരുന്ന് കുത്തിവെച്ചതിനാൽ ഇവർക്ക് മിക്ക സമയത്തും ബോധം ഉണ്ടായിരുന്നില്ലെന്നാണ് വിവരം. അതുകൊണ്ട് തന്നെ പലരുടെയും മുഖം യുവതിക്ക് ഓർത്തെടുക്കാനാകുന്നില്ല.
പരാതിക്കാരിയുടെ വൈദ്യപരിശോധന പൂർത്തിയാക്കി. പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
Comments