ലക്‌നൗ: ദീപോത്സവത്തിനൊരുങ്ങി അയോദ്ധ്യ. ദീപാവലിയ്‌ക്ക് മുന്നോടിയായാണ് ആഘോഷങ്ങൾ. 12 ലക്ഷത്തിലധികം വിളക്കുകൾ തെളിച്ച് ഗിന്നസ് റെക്കോഡിൽ ഇടം നേടാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. ഒക്ടോബർ 23-ന് അയോദ്ധ്യയിലെ രാം കി പൈഡിയിലാണ് ദീപോത്സവം നടക്കുന്നത്. ദീപോത്സവത്തിന്റെ ആറാം പാദമാണ് അന്നേ ദിവസം നടത്തുന്നത്.
മൺപാത്രങ്ങളിലാണ് ദീപം തെളിക്കുന്നത്. അയോദ്ധ്യ, ലക്‌നൗ, ഗോണ്ട തുടങ്ങിയ ജില്ലകളിൽ നിന്നാകും മൺപാത്രങ്ങൾ എത്തിക്കുകയെന്ന് സംഘാടകർ അറിയിച്ചു. രാംപാഡിയിൽ വിളക്കുകൾ ശേഖരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.
കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ദീപോത്സവിന്റെ ആറാം പാദത്തിൽ ഏകദേശം അരമണിക്കൂർ നേരത്തോളം വിളക്കുകൾ പ്രകാശിപ്പിക്കും. ഓരോ വിളക്കുകളിലും 40 മില്ലി ലിറ്റർ വീതം എണ്ണ ഒഴിക്കുമെന്നും സംഘാടകർ അറിയിച്ചു. നേരത്തെ ഇത് 30 മില്ലിലിറ്ററായിരുന്നു.
കഴിഞ്ഞ വർഷത്തെ ദീപോത്സവവും ഗിന്നസ് റെക്കോഡിൽ ഇടം പിടിച്ചിരുന്നു. ഏറ്റവും വലിയ എണ്ണവിളക്കിന്റെ പ്രദർശനത്തിനാണ് 2021-ൽ റെക്കോഡ് സ്വന്തമായത്. ഒമ്പത് ലക്ഷത്തിലധികം എണ്ണവിളക്കുകളാണ് അന്ന് പ്രകാശിപ്പിച്ചത്.
















Comments