പാരിസ്: ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങൾ തുടരുന്നതിനിടയിൽ സ്റ്റേറ്റ് ടെലിവിഷൻ ചാനലിലെ തത്സമയ വാർത്ത സംപ്രേക്ഷണം ഹാക്ക് ചെയ്ത് ഡിജിറ്റൽ ആക്ടിവിസ്റ്റുകൾ. പ്രതിഷേധക്കാർ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖോമേനിയുടെ ചിത്രത്തിന് തീവെയ്‌ക്കുകയും മുഖത്ത് ക്രോസ് ചിഹ്നം വരയ്‌ക്കുകയും ചെയ്തു. ‘ഞങ്ങളുടെ യുവാക്കളുടെ രക്തം നിങ്ങളുടെ കൈകളിലാണ് ‘ എന്ന സന്ദേശവും പ്രക്ഷേപണ സ്‌ക്രീനിൽ എഴുതി കാണിച്ചു. പ്രാദേശിക സമയം രാത്രി ഒമ്പതിനാണ് ചാനൽ ഹാക്ക് ചെയ്തത്.
നേതാവായ ഖോമേനി ഉദ്യോഗസ്ഥരെ കാണുന്നതിന്റെ ദൃശ്യങ്ങൾ തടസ്സപ്പെടുത്തി ‘ഞങ്ങൾക്കൊപ്പം ചേരൂ, എഴുന്നേൽക്കൂ’ എന്ന മുദ്രാവാക്യം കുറച്ച് നേരം എഴുതി കാണിച്ചു. തുടർന്ന് മൂന്ന് സ്ത്രീകളുടെ ചിത്രവുമാണ് സ്‌ക്രീനിൽ പ്രദർശിപ്പിച്ചത്.
22-കാരി മഹ്‌സ അമിനിയുടെ മരണത്തെതുടർന്നാണ് ഇറാനിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഹിജാബ് കൃത്യമായി ധരിച്ചില്ലെന്ന കാരണത്താലാണ് യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇറാനിലെ ഹിജാബ് വിരുദ്ധ സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും രംഗത്തെത്തിയിരുന്നു. ഭരണാധികാരിയുടെ നടപടി മനുഷ്യാവകാശങ്ങളുടെ ലംഘമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
യുവതിയുടെ കസ്റ്റഡി മരണത്തെത്തുടർന്ന് ഇറാനിൽ പ്രക്ഷോഭം പത്തൊമ്പതാം ദിവസവും ശക്തമായി തുടരുകയാണ്. രാജ്യത്തിന്റെ പതിനാല് പ്രവിശ്യകളിലെ പതിനേഴിലധികം നഗരങ്ങളിൽ ഇന്നലെയും ജനം പ്രതിഷേധവുമായി തെരുവിലിറങ്ങി. നിലവിൽ ഹൈസ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും കേന്ദ്രീകരിച്ചാണ് സമരം നടക്കുന്നത്. സമരക്കാർക്ക് നേരെ പോലീസ് നടത്തിയ അതിക്രമങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് നാനൂറിലധികം പേരാണ്. പതിനായിരത്തോളം പേർക്ക് പരിക്കേറ്റു.
Comments