ഹൈദരാബാദ് : ടിപ്പു സുൽത്താന്റെ പാരമ്പര്യം ഒരിക്കലും തുടച്ചുനീക്കാനാകില്ലെന്ന് എഐഎംഐഎം നേതാവ് അസദ്ദുദ്ദീൻ ഒവൈസി. ഇന്ത്യൻ റെയിൽവേ ടിപ്പു സുൽത്താൻ എക്‌സ്പ്രസിന്റെ പേര് മാറ്റി വൊഡയാർ എക്‌സ്പ്രസ് എന്നാക്കിയതിന് പിന്നാലെയാണ് ഒവൈസിയുടെ പരാമർശം. ബിജെപിക്ക് ടിപ്പുവിനോട് അസൂയയാണെന്നും ഒവൈസി പറഞ്ഞു.
വൊഡയാർ എക്‌സ്പ്രസ് എന്ന പേര് മറ്റേതെങ്കിലും ട്രെയിനിന് നൽകാമായിരുന്നു എന്നാണ് ഒവൈസി ട്വിറ്ററിൽ കുറിച്ചത്. ബ്രിട്ടീഷുകാർക്കെതിരെ മൂന്ന് യുദ്ധങ്ങൾ നടത്തിയ ആളാണ് ടിപ്പു. അത് കാരണം ബിജെപിക്ക് ടിപ്പുവിനോട് അസൂയയാണ്. ബ്രിട്ടീഷുകാരുടെ പേടിസ്വപ്‌നമായിരുന്നു ടിപ്പു. ടിപ്പുവിന്റെ പാരമ്പര്യം ബിജെപിക്ക് ഒരിക്കലും തുടച്ചുനീക്കാനാകില്ലെന്നും ഒവൈസി പറഞ്ഞു.
ഇതിന് പിന്നാലെ ഒവൈസിക്ക് മറുപടിയുമായി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയും രംഗത്തെത്തി. ടിപ്പുവിന്റെ പാരമ്പര്യം തുടച്ചുനീക്കാൻ ആരും ആഗ്രഹിക്കുന്നില്ലെന്നും അതിനു പകരം യഥാർത്ഥ പൈതൃകം ജനങ്ങൾക്ക് മനസിലാക്കി കൊടുക്കാനാണ് ശ്രമിക്കുന്നത് എന്നും അമിത് മാളവ്യ പറഞ്ഞു. ടിപ്പു ഒരു പ്രാകൃതനായിരുന്നു. മലബാറിലെ നായന്മാർക്കും കൂർഗിലെ കൊടവർക്കും മംഗളൂരുവിലെ സിറിയൻ ക്രിസ്ത്യാനികൾക്കും കത്തോലിക്കക്കാർക്കും കൊങ്കിണികൾക്കും അയാൾ അനേകം ദുതിതങ്ങളാണ് വിതച്ചത് എന്നും ബിജെപി നേതാവ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ബംഗളൂരുവിനെയും -മൈസൂരുവിനെയും ബന്ധിപ്പിക്കുന്ന ട്രെയിനിന്റെ(ടിപ്പു എക്‌സ്പ്രസ്) പേര് മാറ്റി വൊഡയാർ എക്‌സ്പ്രസ് എന്നാക്കിയത്. ഇതിന് പിന്നാലെയാണ് ഒവൈസിയുടെ പ്രതികരണം.
Comments