തിരുവനന്തപുരം: അനധികൃതമായി ലക്ഷങ്ങൾ പിരിച്ചുവെന്നും അതിന്റെ പേരിൽ സന്ദീപ് വാര്യരെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തു നിന്നും നീക്കം ചെയ്യുമെന്നും ചില മാദ്ധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. എന്നാൽ, തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചവരെയും അത് വാർത്തകളാക്കിയവരെയും വിമർശിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സന്ദീപ് വാര്യർ. പട്ടാമ്പി കൊപ്പത്ത് ടവർ കൊണ്ടുവന്ന സംഭവം വിവരിച്ചു കൊണ്ടാണ് തനിക്കെതിരെയുള്ള ആരോപണങ്ങളെയും വാർത്തകളെയും അദ്ദേഹം വിമർശിച്ചിരിക്കുന്നത്.
പട്ടാമ്പി കൊപ്പത്ത് രായിരനെല്ലൂർ മലയുടെ താഴ്വാരത്ത് മൊബൈൽ റേഞ്ച് ഇല്ലാതെ പഠിക്കാൻ പോലും കുട്ടികൾ കഷ്ടപ്പെട്ടിരുന്നു. അട്ടപ്പാടിയിലെ ഊരുകൾക്ക് പരിഗണന നൽകുന്നതിനാലും സാങ്കേതിക പ്രശ്നങ്ങളാലും ടവർ ഉടൻ സ്ഥാപിക്കാൻ കഴിയില്ലെന്ന് ബിഎസ്എൻഎൽ അറിയിച്ചു. ഒടുവിൽ അവിടത്തെ പഞ്ചായത്ത് മെമ്പർ ബന്ധപ്പെട്ടു. കേരളത്തിലെ മുഴുവൻ സർവീസ് പ്രൊവൈഡർമാരുമായും സംസാരിച്ചു. ആ പ്രദേശത്ത് ടവർ സ്ഥാപിക്കുന്നത് സാങ്കേതികമായി വലിയ ചിലവുള്ള കാര്യമായതിനാൽ ആരും തന്നെ തയ്യാറായില്ല എന്ന് സന്ദീപ് വാര്യർ പറഞ്ഞു.
കുട്ടികളുടെ വിദ്യാഭ്യാസം മുതൽ ആശുപത്രി ആവശ്യങ്ങൾ വരെ നടത്താൻ ആ ഗ്രാമം അനുഭവിച്ച പ്രയാസം വളരെ വലുതാണ്. ഒടുവിൽ മുംബൈയിൽ ശങ്കരേട്ടനെ ബന്ധപ്പെട്ടു. മുകേഷ് അംബാനിയുമായി വളരെ അടുപ്പമുള്ള ഒരു മലയാളി. അംബാനിയുടെ ഓഫീസിൽ നിന്നും നിർദ്ദേശം വന്നു. 80 ലക്ഷം രൂപ ചിലവിൽ ജിയോ അവിടെ പുതിയ ടവർ തുടങ്ങി. മൊബൈൽ റേഞ്ച് വന്നത് ആ ഗ്രാമം അക്ഷരാർത്ഥത്തിൽ ആഘോഷിച്ചു. വേണമെങ്കിൽ ഇതിൽ ഒരു വാർത്തയ്ക്കുള്ള സാധ്യത ഉണ്ട്. സന്ദീപ് വാര്യർക്ക് മുകേഷ് അംബാനിയുമായി ബന്ധം. 80 ലക്ഷത്തിന്റെ അനധികൃത ടവർ കൊണ്ട് വന്നു എന്ന് വാർത്തയാക്കാം എന്ന് തനിക്കെതിരെ വാർത്തകൾ എഴുതിയവരെ പരിഹസിച്ച് സന്ദീപ് വാര്യർ പറഞ്ഞു.
Comments