പത്ത് ദിവസം നീളുന്ന അടിപൊളി യാത്രാ പാക്കേജുമായി ഇന്ത്യൻ റെയിൽവേ. പ്രസിദ്ധമായ ആരാധനാലയങ്ങളിൽ കൂടിയുള്ള ഒരു തീർത്ഥാടന പാക്കേജാണ് യാത്രക്കാർക്കായി റെയിൽവേ ഒരുക്കിയിരിക്കുന്നത്. നേപ്പാളിലേക്കും ട്രെയിന് സർവീസ് ഉണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അയോദ്ധ്യയിലെ രാമജന്മഭൂമി ക്ഷേത്രം, ഹനുമാൻ ഗർഹി, സരയൂ ഘട്ട്, തുളസി മാനസ ക്ഷേത്രം, സങ്കടമോചന ക്ഷേത്രം, പ്രയാഗ് രാജ്, കാശി വിശ്വനാഥ് ഇടനാഴി, വാരണാസി, ഗംഗാ ആരതി, ഗംഗ യമുന സംഗമം തുടങ്ങിയ ഇടങ്ങളിലെല്ലാം ഭക്തർക്ക് ഈ യാത്രയിലൂടെ എത്താനാകും.
ഇതിന് പുറമെ നേപ്പാളിൽ കാഠ്മണ്ഡുവിലെ പ്രശസ്തമായ പശുപതിനാഥ ക്ഷേത്രം, ദർബാർ സ്‌ക്വയർ, സ്വയംഭൂനാഥ് സ്തൂപം എന്നീ ഇടങ്ങളും ഈ തീർത്ഥാടന പാക്കേജിൽ ഉൾപ്പെടുന്നു. ഭാരത് നേപ്പാൾ അഷ്ടയാത്ര എന്നാണ് പാക്കേജിന് റെയിൽവേ നൽകിയിരിക്കുന്ന പേര്. ഈ വരുന്ന ഒക്ടോബർ 28നാണ് യാത്ര ആരംഭിക്കുന്നത്. ഒൻപത് രാത്രിയും പത്ത് പകലുമാണ് യാത്രയ്‌ക്കായി വേണ്ടി വരുന്നത്. ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിന്റെ മൂന്ന് എസി ക്ലാസുകളിലായിട്ടാണ് തീർത്ഥാടകർക്കുള്ള യാത്രാസൗകര്യം ഒരുക്കിയിരിക്കുന്നത്. അറുന്നൂറ് പേർക്ക് ഒരേസമയം യാത്രയിൽ പങ്കാളികളാകാം. ഗാസിയാബാദ്, ഡൽഹി, തുണ്ഡ്‌ല, കാൺപൂർ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് തീർത്ഥാടകർക്ക് ഈ യാത്രയുടെ ഭാഗമാകാം.
ഭക്ഷണം ഉൾപ്പെടെയുള്ള തുകയാണ് പാക്കേജിൽ ഈടാക്കുന്നത്. ഇതിന് പുറമെ രാത്രിയിൽ ഹോട്ടലുകളിലെ താമസം, യാത്രാ ഇൻഷുറൻസ്, സെക്യൂരിറ്റി ചാർജ്, നികുതി തുടങ്ങിയവയെല്ലാം ടിക്കറ്റ് ചാർജിൽ ഉൾപ്പെടും. സിംഗിൾ ഒക്ക്യുപ്പെൻസിക്ക് 39,850 രൂപയാണ് ചിലവ്. ഡബിൾ ട്രിപ്പിൾ ഷെയറിന് 34,650 രൂപയും ചാർജ് വരും. അഞ്ച് മുതൽ പതിനൊന്ന് വയസ്സ് വരെയുള്ള കുട്ടികൾക്ക് 31,185 രൂപയാണ് ടിക്കറ്റ് നിരക്ക്. യാത്രക്കാർ കൊറോണ വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ്, വോട്ടർ ഐഡി അല്ലെങ്കിൽ ആധാർ എന്നിവ കൈവശം കരുതണം. www.irctctourism.com എന്ന വെബ്‌സൈറ്റിൽ നിന്ന് യാത്ര ബുക്ക് ചെയ്യാനും, കൂടുതൽ വിവരങ്ങൾ അറിയാനും സാധിക്കും.
Comments