ഭോപാൽ: ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്ര ഇടനാഴിയായ മഹാകൽ ലോകിന്റെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിർവഹിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ഇടനാഴികളിലൊന്നാകും മഹാകൽ ലോക്. 856 കോടി രൂപ ചെലവിലാണ് പദ്ധതി യാഥാർത്ഥ്യമാകുക. 900 മീറ്ററിലധികമാണ് ഇടനാഴിയുടെ നീളം. പുരാതന മഹാകലേശ്വർ ക്ഷേത്രത്തിന് ചുറ്റുമുള്ള രുദ്രസാഗർ തടാകത്തിന്റെ അരികിലൂടെയാകും ഇടനാഴി.
നാളെ നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി. വിവിധ സാംസ്‌കാരിക പ്രകടനങ്ങളുടെ അകമ്പടിയോടെയാകും പ്രധാനമന്ത്രിയെ വരവേൽക്കുകയെന്ന് സംഘാടകർ വ്യക്തമാക്കി. നന്ദിദ്വാർ മുതൽ ക്ഷേത്രം വരെ ഘോഷയാത്ര നടത്തും.
നിരവധി പ്രത്യേകതകളോടെയാണ് ഇടനാഴി നിർമ്മിച്ചത്. രാജസ്ഥാനിലെ ബൻസി പഹാർപൂർ പ്രദേശത്തെ മണൽക്കല്ലുകൾ ഉപയോഗിച്ചാണ് ഇടനാഴി നിർമിച്ചിരിക്കുന്നത്. രാജസ്ഥാൻ, ഗുജറാത്ത്, ഒറീസ്സ എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരന്മാരും കരകൗശല വിദഗ്ധരുമാണ് നിർമ്മാണത്തിന് പിന്നിൽ. ശിവപുരാണത്തിൽ നിന്നുള്ള കഥകൾ ചിത്രീകരിക്കുന്ന 50-ലധികം ചുവർചിത്രങ്ങളും ഇടനാഴിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ത്രിശൂലത്തിന്റെ മാതൃകയിലുള്ള 108 തൂണുകളും ഉജ്ജയിനിന്റെ പൈതൃകം വ്യക്തമാക്കുന്ന തരത്തിലുള്ള ചുവർചിത്രങ്ങളും തൂണുകളിൽ രൂപകൽപ്പന ചെയ്തിട്ടുണ്ട്. കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തിൽ പരാമർശിക്കുന്ന തരത്തിലുള്ള പൂന്തോട്ടവും ഇടനാഴിയിൽ ഒരുക്കിയിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി പുരാതന തടാകമായ രുദ്രസാഗർ തടാകത്തിന് സംഘാടകർ പുതുജീവൻ നൽകി. തടാകത്തിലേക്ക് മലിനജലം ഒഴുകിയെത്തിയിരുന്ന തുറന്ന മലിനജല ലൈനുകൾ മൂടി. അവ മലിനജല സംസ്‌കരണ പ്ലാന്റുമായി ബന്ധിപ്പിച്ചു. കായലിനോട് ചേർന്ന് ഖരമാലിന്യങ്ങൾ പരിശോധിക്കുന്നതിനുള്ള സംവിധാനവും സ്ഥാപിച്ചു. മാലിന്യ സംസ്‌കരണത്തിൽ മാതൃകയാകാനൊരുങ്ങുകയാണ് ഉജ്ജയിൻ. മഹാകൽ ലോക് വികസന പദ്ധതിയുടെ ഭാഗമായി മിഡ്-വേ സോൺ, പാർക്ക്, കാറുകൾക്കും ബസുകൾക്കുമായി ബഹുനില പാർക്കിംഗ് സ്ഥലം, കടകൾ, സോളാർ ലൈറ്റിംഗ്, തീർഥാടകർക്കുള്ള സൗകര്യ കേന്ദ്രം, വാട്ടർ പൈപ്പ് ലൈൻ, മലിനജല ലൈൻ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
ഹിന്ദുക്കൾ ഭൂമിയിലെ ഏറ്റവും പവിത്രമായി കണക്കാക്കപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ് മഹാകാലേശ്വർ ക്ഷേത്രം. 12 വർഷത്തിലൊരിക്കൽ നടക്കുന്ന സിംഹസ്ത് കുംഭത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ആളുകളാണ് എത്തുന്നത്. പത്രണ്ട് വർഷത്തിൽ ഒരിക്കലാണ് സിംഹസ്ത് കുഭം നടക്കുന്നത്. 2016-ലാണ് അവസാനമായി നടന്നത്.
















Comments