ന്യൂഡൽഹി: ഇന്ത്യൻ സിനിമാ ലോകത്തെ ഇതിഹാസ താരമായ അമിതാഭ് ബച്ചന് പിറന്നാൾ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹാപ്പി ബെർത്ത്‌ഡേ അമിതാഭ് ബച്ചൻ ജി എന്നായിരുന്നു മോദിയുടെ ആശംസകൾ.
ഒട്ടനവധി തലമുറകളെ ആവേശഭരിതരാക്കുകയും ആരാധകരെ കാലങ്ങളോളം രസിപ്പിക്കുകയും ചെയ്ത ഭാരതത്തിലെ സുപ്രധാന ചലച്ചിത്ര താരങ്ങളിൽ ഒന്നാണ് ബച്ചൻ. ഇനിയും സുദീർഘമായ, ആരോഗ്യകരമായ ജീവിതം നയിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ!! ട്വിറ്റർ പോസ്റ്റിലൂടെ പ്രധാനമന്ത്രി പറഞ്ഞു.
ബോളിവുഡിന്റെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ കൂടി സൂപ്പർസ്റ്റാറായ ബച്ചന് പ്രമുഖരായ നിരവധിയാളുകളാണ് ആശംസാപ്രവാഹവുമായി എത്തുന്നത്. ഹിന്ദി സിനിമാലോകം കീഴടക്കിയ പ്രതിഭയ്‌ക്കായി ലോകമെമ്പാടുമുള്ള ആരാധകരും ആശംസകളുമായി എത്തുന്നുണ്ട്.
പ്രായത്തെ തടുത്തുനിർത്താൻ പാടുപെടുന്ന നായകർക്കിടയിൽ ഇന്നും തലയുയർത്തി നിൽക്കുകാണ് സിനിമാപ്രേമികളുടെ ബിഗ് ബി. പ്രായം 80 പിന്നിട്ടു, ഈ വാർദ്ധക്യ കാലത്തും തളരാത്ത ഊർജ്ജമാണ് അമിതാഭ് ബച്ചനെന്ന അഭിനേതാവിന്റെ കൈമുതൽ. പദ്മശ്രീയും പദ്മഭൂഷണും പദ്മവിഭൂഷണും ദാദാ സാഹേബ് പുരസ്‌കാരവും കൂടാതെ നാല് ദേശീയ പുരസ്‌കാരവും നൽകി ഭാരതം ആദരിച്ച അതുല്യപ്രതിഭ തന്റെ ജൈത്രയാത്ര തുടരുകയാണ്.
Comments