ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുമായി മുന്നേറുന്ന കോൺഗ്രസ് നേതൃത്വത്തിന് തിരിച്ചടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ. നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്‌സ് (എൻസിപിസിആർ) നൽകിയ പരാതി പ്രകാരം കോൺഗ്രസ് നേതൃത്വത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചു. ഭാരത് ജോഡോ യാത്രയ്‌ക്ക് കുട്ടികളെ ഉപയോഗപ്പെടുത്തിയ സംഭവത്തിലാണ് കമ്മീഷന്റെ ഇടപെടൽ.
എന്നാൽ തിങ്കളാഴ്ച രാത്രി തന്നെ കോൺഗ്രസ് പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കാൻ ശ്രമം നടത്തി. തുടർന്ന് കുട്ടികളെ ഉപയോഗിച്ചുവെന്ന എൻസിപിസിആറിന്റെ ആരോപണം നിഷേധിക്കുകയും ചെയ്തു. ഭരത് ജോഡോ യാത്രയിൽ കുട്ടികൾ പങ്കെടുത്തതിൽ നിയമവിരുദ്ധമായി ഒന്നുമില്ല. വയനാട് എംപി രാഹുൽ ഗാന്ധിക്കൊപ്പം കുട്ടികൾ സെൽഫി എടുക്കാൻ ശ്രമിക്കുന്നതിൽ നിയമവിരുദ്ധതയില്ലെന്ന് കോൺഗ്രസ് പ്രതിനിധികൾ അവകാശപ്പെട്ടു. രാഷ്‌ട്രീയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് പരാതി ഉയർന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
തുടർന്ന് എൻസിപിസിആർ അംഗം പ്രിയങ്ക് കനൂംഗോ കോൺഗ്രസിന് മറുപടിയുമായി രംഗത്തെത്തി. 7നും 17നും ഇടയിൽ പ്രായമുള്ള കുട്ടികളെ രാഷ്‌ട്രീയപരമായി സ്വാധീനിക്കുകയെന്ന ലക്ഷ്യത്തോടെ ‘ജവഹർ ബൽ മഞ്ച്’ എന്ന പേരിൽ ഒരു സംഘടന വരെ രൂപീകരിച്ചവരാണ് കോൺഗ്രസുകാർ. ഈ വസ്തുത മറച്ചുവെച്ചാണ് വിഷയത്തിൽ പ്രതികരിക്കാൻ കോൺഗ്രസ് പ്രതിനിധികൾ എത്തുന്നതെന്നും പ്രിയങ്ക് മറുപടി നൽകി. സംഭവത്തിൽ നിയമവിരുദ്ധത പരിശോധിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments