പത്തനംതിട്ട: ആഭിചാര കൊലയ്‌ക്ക് ഇരയായ തമിഴ്നാട് സ്വദേശിനി പത്മയുടെ മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കം മാത്രമെന്ന് സൂചന. പത്മയെ ആഭിചാര കൊലയ്‌ക്ക് ഇരയാക്കിയത് അടുത്തിടെയെന്നാണ് ഇത് വ്യക്തമാക്കുന്നത്. പ്രാഥമിക പരിശോധനയിലാണ് മൃതദേഹങ്ങൾക്ക് വലിയ കാലപ്പഴക്കം ഇല്ലെന്ന് ബോദ്ധ്യപ്പെട്ടത്.
ജൂൺ, സെപ്തംബർ എന്നീ മാസങ്ങളിലായാണ് ഇരു സ്ത്രീകളെയും കൊലപ്പെടുത്തിയത് എന്നാണ് ഏജന്റ് ഷാഫിയുടെ മൊഴി. ഇത് പ്രകാരം അവസാനം കൊല്ലപ്പെട്ടത് പത്മയാകാനാണ് സാദ്ധ്യത. എന്നാൽ കണ്ടെടുത്ത മൃതദേഹം പത്മയുടേതാണെന്ന കാര്യം സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. മൃതദേഹ അവശിഷ്ടങ്ങളിൽ നിന്നും പത്മയെ തിരിച്ചറിയാൻ കഴിയുന്നില്ലെന്നാണ് മകന്റെ മൊഴി.
മൃതദേഹം 20 ഓളം കഷ്ണങ്ങളായി വെട്ടിമുറിച്ചാണ് കുഴിച്ചിട്ടിരിക്കുന്നത്. കയ്യും കാലുമെല്ലാം ശരീരത്തിൽ നിന്നും മുറിച്ച് നീക്കിയിട്ടുണ്ട്. വീടിന് സമീപമായാണ് മൃതദേഹം കുഴിച്ചിട്ടിരിക്കുന്നത്. ഇതിന് മുകളിലായി പ്രതികൾ മഞ്ഞൾചെടികളും നട്ടിരുന്നു. മൃതദേഹം വേഗം ദ്രവിക്കുന്നതിനായി ഉപ്പ് വിതറിയ ശേഷമായിരുന്നു കുഴിച്ചിട്ടത്.
അതേസമയം റോസ്ലിന്റെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. പത്മയെ കുഴിച്ചിട്ട പറമ്പിന്റെ മറ്റൊരു ഭാഗത്താണ് റോസ്ലിയെ കുഴിച്ചിട്ടിരിക്കുന്നത് എന്നാണ് ഷാഫി പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പറമ്പിന്റെ മറ്റ് ഭാഗങ്ങളിൽ പരിശോധന തുടരുകയാണ്.
















Comments