ന്യൂഡൽഹി: കറുപ്പ് കൃഷിയ്ക്ക് അനുമതി നൽകി ലഹരി ഉത്പാദനം കൂട്ടാനൊരുങ്ങി അഫ്ഗാനിസ്ഥാൻ. ഇന്ത്യയടക്കമുള്ള അയൽരാജ്യങ്ങളെ ലക്ഷ്യമിട്ടാണ് കൃഷിയെന്ന് നർക്കോട്ടിക് കൺട്രോൾ ബോർഡ് അറിയിച്ചു. ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. കൊറോണയ്‌ക്ക് ശേഷം അഫ്ഗാനിസ്ഥാനിലെ കറുപ്പ് കൃഷി 37 ശതമാനം വർദ്ധിച്ചതായി ഐക്യരാഷ്‌ട്ര സംഘടനയുടെ ഓഫീസ് ഓൺ ഡ്രഗ്‌സ് ആന്റ് ക്രൈം വാർഷിക പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2020-ന് ശേഷം അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ലഹരിയുടെ ആഗോള വ്യാപനം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് മുന്നറയിപ്പ് നൽകിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടിയ ലഹരിമരുന്നിന്റെ 5 ശതമാനവും അഫ്ഗാനിൽ നിന്നായിരുന്നു.
കഴിഞ്ഞ വർഷം ഇന്ത്യയിൽ പിടികൂടിയ ലഹരിയുടെ 88 ശതമാനവും അഫ്ഗാനിൽ നിന്നായിരുന്നു. ഔഷധ നിർമ്മാണത്തിന്റെ മറവിലാണ് ലഹരിമരുന്ന് ഉത്പാദനം നടത്തുന്നത്. ഇത്തരത്തിൽ നിർമ്മിച്ച ലഹരിമരുന്ന് ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ അയൽ രാജ്യങ്ങളിലേക്കാണ് കടത്തുന്നത്. അടുത്തിടെ കൊച്ചിയിലും മുംബൈയിലും പിടികൂടിയ ലഹരിമരുന്നിന്റെ ഉറവിടം അഫ്ഗാനിസ്ഥാനിലാണെന്ന് കണ്ടെത്തിയിരുന്നു. താലിബാൻ ഭരണത്തിലേറിയാൽ മയക്കുമരുന്നിന്റെയും ലഹരിയുടെയുടെയും ഉപയോഗവും വിൽപ്പനയും നിർത്തുമെന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് കറുപ്പ് ഉത്പാദനത്തിന് അനുമതി നൽകിയത്.
















Comments