തിരുവനന്തപുരം: ഇലന്തൂരിലെ ഇരട്ട ആഭിചാര കൊലയിൽ മൗനം പാലിക്കുന്ന സാംസ്‌കാരിക നായകരെ രൂക്ഷമായി വിമർശിച്ച് യുവമോർച്ച ദേശീയ ജനറൽ സെക്രട്ടറി പി ശ്യാം രാജ്. നാം കൊട്ടി ഘോഷിക്കുന്ന നവോത്ഥാന കാഴ്ചപ്പാടുകളും, പുരോഗമന ചിന്തകളുമെല്ലാം ഇടതുപക്ഷത്തിന്റെ പോസ്റ്ററിൽ മാത്രം ഒതുങ്ങിപ്പോയി. ആഭിചാര കൊല നടന്നത് കർണാടകയിൽ ആയിരുന്നുവെങ്കിൽ നവോത്ഥാന സിംഹങ്ങൾ സടകുടഞ്ഞ് എഴുന്നേറ്റേനെയെന്നും ശ്യാം രാജ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിപിഎം പോസ്റ്ററുകളിൽ ഒതുക്കുവാനുള്ള വാക്കല്ല നവോത്ഥാനമെന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പത്തനംതിട്ടയിൽ നിന്നും വരുന്ന ആഭിചാര കൊലയുടെ വാർത്തകൾ മലയാളി മനസിനെ ഭയപ്പെടുത്തുന്നതാണ്. സാക്ഷര കേരളത്തെ നാണം കെടുത്തുന്നതാണ്. നാം കൊട്ടിഘോഷിക്കുന്ന നവോത്ഥാന കാഴ്ചപ്പാടുകൾ, പുരോഗമന ചിന്തകൾ ഇവയൊക്കെ എന്നേ നമുക്ക് നഷ്ടപ്പെട്ടിക്കുന്നു എന്നതാണ് സത്യം. അവയെല്ലാം കേരളത്തിലെ ഇടതുപക്ഷത്തിന്റെ പോസ്റ്റർ വാചകങ്ങൾ മാത്രമായൊതുങ്ങി.
കേരളത്തിലെ ബുദ്ധിജീവി(എന്നു പറയപ്പെടുന്നവർ) സമൂഹം എന്നേ ഇടത് രാഷ്‌ട്രീയത്തിന് അടിപ്പെട്ടു കഴിഞ്ഞിരിക്കുന്നു?ഇതിപ്പോൾ നടക്കുന്നത് അയൽ സംസ്ഥാനമായ കർണാടകയിൽ ആയിരുന്നുവെങ്കിലോ? ഇവിടുത്തെ പുരോഗമന നവോത്ഥാന സിംഹങ്ങൾ സടകുടഞ്ഞ് എഴുന്നേറ്റേനെ. ഘോര ഘോരം പ്രസംഗിച്ചേനെ. ഇന്നിപ്പോൾ കേരളത്തിലെ സാംസ്‌കാരിക നായകരുടെ,ബുദ്ധിജീവികളുടെ എന്തെങ്കിലും പ്രസ്താവനകൾ കണ്ടോ? ഇല്ല, കാരണം പ്രതി ഒരു സിപിഎം നേതാവാണ്. ഇടതു പൊതുബോധത്തിൽ കെട്ടിപ്പൊക്കിയ കപട പുരോഗമന ചിന്തകളല്ല, അനാചാരങ്ങൾക്കും, അന്ധവിശ്വാസത്തിനുമെതിരേ യഥാർത്ഥമായൊരു പുരോഗമന സമൂഹത്തെ നമുക്കൊരുമിച്ച് കെട്ടിപ്പടുക്കാം എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
















Comments