പത്തനംതിട്ട: ഇലന്തൂരിലേത് ആഭിചാര കൊലതന്നെയെന്ന് സ്ഥിരീകരിച്ച് ദക്ഷിണമേഖലാ ഡിഐജി ആർ നിശാന്തിനി. ജൂൺ എട്ടിനും, കഴിഞ്ഞ മാസം 26 നുമാണ് കൊലപാതകങ്ങൾ നടന്നത്. ഇവർക്ക് പുറമേ ആഭിചാരത്തിന്റെ പേരിൽ കൂടുതൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ടോയെന്നകാര്യം പരിശോധിച്ചുവരികയാണെന്നും നിശാന്തിനി വ്യക്തമാക്കി.
നാല് സ്ഥലങ്ങളിൽ നിന്നുമാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ആദ്യം കണ്ടെത്തിയ മൃതദേഹം തമിഴ്‌നാട് സ്വദേശിനി പത്മയുടേത് ആണ്. 56 കഷ്ണങ്ങളായി മുറിച്ച് ആയിരുന്നു പത്മയുടെ മൃതദേഹം കുഴിച്ചിട്ടിരുന്നത്. ഇതിന് അധികം പഴക്കമില്ല. റോസ്ലിയുടെ മൃതദേഹം അഞ്ച് കഷ്ണങ്ങളായി മുറിച്ചാണ് കുഴിച്ചിട്ടിരുന്നത്. ഇവിടെ നിന്നും കുങ്കുമം തേച്ച ബാഗും കല്ലും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ കുടവും കണ്ടെടുത്തു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മൂന്ന് പേരും ചേർന്നാണ് കൃത്യം നടത്തിയിരിക്കുന്നത്. ഇവരുടെ വീട്ടിൽ നിന്നും നിരവധി ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇതിൽ ഏത് ആയുധമാണ് കൃത്യത്തിന് ഉപയോഗിച്ചത് എന്നകാര്യം പരിശോധിക്കുകയാണ്. എന്ത് പറഞ്ഞാണ് സ്ത്രീകളെ ഇവിടെയെത്തിച്ചത് എന്ന കാര്യവും പരിശോധിച്ച് വരികയാണെന്ന് നിശാന്തിനി കൂട്ടിച്ചേർത്തു.
















Comments