കൊച്ചി:കൊച്ചി മെട്രോയിൽ ഇനി മുതൽ സൗജന്യ വൈഫൈ ആസ്വദിക്കാം. മെട്രോയിൽ യാത്ര ചെയ്ത് ഇന്റർനെറ്റ് ഉപയോഗിച്ച് യാത്രക്കാർക്ക് തങ്ങളുടെ ഓൺലൈൻ ജോലികൾ കൂടി തീർക്കാനുള്ള സൗകര്യമാണ് മെട്രോ ഒരുക്കിയിരിക്കുന്നതെന്ന് കൊച്ചി മെട്രോ എം.ഡി ലോക്നാഥ് ബെഹ്റ അറിയിച്ചു.
കൊച്ചി മെട്രോ യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായിട്ടാണ് എല്ലാ ട്രെയിനുകളിലും സൗജന്യ വൈഫൈ സംവിധാനം ഉരുക്കിയത്. ഇതിന്റെ ഉദ്ഘാടനം മെട്രോയിൽ യാത്ര ചെയ്ത് കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ നിർവ്വഹിച്ചു. ആലുവ മുതൽ എസ് എൻ ജംഗ്ഷൻ വരെയുളള കൊച്ചി മെട്രോയിലെ യാത്രവേളകളിൽ സൗജന്യ വൈഫൈ ഉപയോഗിച്ച് യാത്രക്കാർക്ക് ഇനി മുതൽ ജോലി ചെയ്യുകയോ വിനോദപരിപാടികൾ ആസ്വദിക്കുകയോ ചെയ്യാനാകുമെന്ന് ലോക് നാഥ് ബെഹ്റ വ്യക്തമാക്കി.
നിലവിൽ 4ജി നെറ്റ് വർക്കിൽ പ്രവർത്തിക്കുന്ന വൈഫൈ 5ജി എത്തുന്നതോടെ അപ്ഗ്രേഡ് ചെയ്യും. വൈഫൈ ഉപയോഗിക്കുന്നവരുടെ ഡേറ്റ സുരക്ഷിതമാക്കാനുള്ള നടപടികൾ കെഎംആർഎൽ സ്വീകരിച്ചിട്ടുണ്ട്. തികച്ചും സൗജന്യമായാണ് യാത്രക്കാർക്ക് ഈ സേവനം ലഭ്യമാവുക. ഡിജിറ്റൽ ഇന്ത്യ ക്യാമ്പെയിൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെഎംആർഎൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ്ഷോർ എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. സൗജന്യ വൈഫൈ എങ്ങനെ ഉപയോഗിക്കാനാകുമെന്ന വിവരങ്ങൾ എല്ലാ ട്രെയിനുകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്.
Comments