ഇന്ത്യക്ക് വേണ്ടി നീലക്കുപ്പായമണിഞ്ഞ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിൽ പ്രമുഖനാണ് മഹേന്ദ്ര സിംഗ് ധോണി. പരിമിത ഓവർ ക്രിക്കറ്റിൽ, ലോകത്തിലെ എക്കാലത്തെയും മികച്ച ഫിനിഷർ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. കൂടാതെ, വിക്കറ്റ് കീപ്പർ എന്ന നിലയിൽ സ്റ്റമ്പിന് പിന്നിലെ പ്രകടനം കൊണ്ടും പല മത്സരങ്ങളുടേയും ഭാഗധേയം മാറ്റിമറിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നേതൃപാടവം കൊണ്ട് ലോകക്രിക്കറ്റിനെ വിസ്മയിപ്പിക്കാൻ സാധിച്ച മികച്ച ക്യാപ്ടൻ കൂടിയാണ് അദ്ദേഹം എന്ന കാര്യത്തിലും തർക്കമില്ല.
ഇന്ത്യക്ക് ചരിത്രത്തിലെ ആദ്യ ട്വന്റി 20 ലോകകപ്പ് നേടിത്തന്ന അദ്ദേഹം, 2011ലെ ഏകദിന ലോകകപ്പും 2013ലെ ച്യാമ്പ്യൻസ് ട്രോഫിയും ഇന്ത്യക്ക് വേണ്ടി ഉയർത്തിയ ക്യാപ്ടനാണ്. ഇത്തരത്തിൽ നിരവധി ചരിത്ര നേട്ടങ്ങൾക്ക് ഉടമയാണെങ്കിലും, വിസ്ഡൻ പ്രഖ്യാപിച്ച ഇന്ത്യയുടെ സർവ്വകാല ട്വന്റി 20 ഇലവനിൽ ധോണിക്ക് സ്ഥാനമില്ല. ദിനേശ് കാർത്തിക്കിനാണ് പകരം വിസ്ഡൻ വിക്കറ്റ് കീപ്പറുടെ സ്ഥാനം നൽകിയിരിക്കുന്നത്. ടീമിലേക്ക് അടുത്തയിടെ നടത്തിയ മികച്ച തിരിച്ചു വരവാണ് കാർത്തിക്കിനെ പരിഗണിക്കാൻ കാരണമെന്ന് വിസ്ഡൻ വ്യക്തമാക്കുന്നു.
6,7 സ്ഥാനങ്ങളിലെ ധോണിയുടേയും കാർത്തിക്കിന്റേയും ശരാശരി സ്ട്രൈക് റേറ്റുകളും വിസ്ഡൻ താരതമ്യം ചെയ്യുന്നു. കാർത്തിക്കിന്റെ സ്ട്രൈക് റേറ്റ് 150.31ഉം ധോണിയുടേത് 121.15ഉം ആണ്.
രോഹിത് ശർമ്മയും വിരാട് കോഹ്ലിയും പട്ടികയിൽ ഓപ്പണർമാരായി സ്ഥാനം നേടിയപ്പോൾ, സൂര്യകുമാർ യാദവ് ആണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് യുവരാജ് സിംഗ് ഉണ്ട്. തുടർന്നുള്ള സ്ഥാനങ്ങളിൽ ഹർദ്ദിക് പാണ്ഡ്യ, സുരേഷ് റെയ്ന എന്നിവർക്ക് ശേഷമാണ് ദിനേശ് കാർത്തിക്. ആർ അശ്വിൻ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബൂമ്ര, ആശിഷ് നെഹ്ര എന്നിവർ അടങ്ങുന്നതാണ് ബൗളിംഗ് നിര. പന്ത്രണ്ടാമനായി വീരേന്ദർ സെവാഗും ഉണ്ട്.
മഹേന്ദ്ര സിംഗ് ധോണിക്ക് സ്ഥാനം നൽകാതെ തയ്യാറാക്കിയ വിസ്ഡൻ പട്ടികക്കെതിരെ വിമർശനങ്ങൾ ഉയർന്ന് കഴിഞ്ഞു. ധോണി ആരാധകർക്ക് പുറമെ, നിരവധി അന്താരാഷ്‌ട്ര ക്രിക്കറ്റ് വിദഗ്ധരും പട്ടികക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.
















Comments