റോം: മുലപ്പാലിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തി ശാസ്ത്രജ്ഞർ. ഇറ്റലിയിൽ നടന്ന ഒരു പഠനത്തിലാണ് മുലപ്പാലിൽ മൈക്രോപ്ലാസ്റ്റികിന്റെ അംശം കണ്ടെത്തിയത്. റോമിലെ പ്രസവിച്ച് ഒരാഴ്ചമാത്രമായ 34 അമ്മമാരിലാണ് പഠനം നടത്തിയത്. ഇവരിൽ 75 ശതമാനം പേരുടെ മുലപ്പാലിലും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
ഏഴുതരം പ്ലാസ്റ്റിക് കണികകളുടെ സാന്നിധ്യമാണ് മുലപ്പാലിൽനിന്ന് കണ്ടെത്തിയത്. ഇതിൽ പിവിസി (പോളി വിനൈൽക്ലോറൈഡ്), പോളി എത്തിലിൻ, പോളി പ്രൊപിലിൻ എന്നിവയാണ് പ്രധാനമായും ഉള്ളത്. പ്ലാസ്റ്റിക്കിൽ നിന്നും വിഘടിക്കുന്ന ചെറു പ്ലാസ്റ്റിക് പദാർഥങ്ങളാണ് മൈക്രോപ്ലാസ്റ്റിക്കുകൾ. ഇവ, നവജാത ശിശുക്കളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
നമ്മുടെ പരിസ്ഥിതിയിൽ മൈക്രോപ്ലാസ്റ്റിക്കിന്റെ സർവ്വവ്യാപനമാണുളളത്. സമുദ്രജീവികളിലും ജലത്തിലും മണ്ണിലും വരെ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയിരുന്നു.പ്രതിവർഷം 50,000 പ്ലാസ്റ്റിക് കണങ്ങളെങ്കിലും ആളുകൾ ഭക്ഷിക്കുന്നുണ്ടെന്ന് നേരത്തെ പഠനമുണ്ടായിരുന്നു. ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും പ്ലാസ്റ്റിക് ഉപഭോഗം കുറയ്‌ക്കുകയാണ് നമുക്ക് ചെയ്യാവുന്ന പോംവഴി.
സൗന്ദര്യവർദ്ധക വസ്തുക്കൾ, ടൂത്ത് പേസ്റ്റുകൾ, സിന്തറ്റിക് തുണിത്തരങ്ങൾ,ഭക്ഷണപാനീയങ്ങൾ എന്നിവ പ്ലാസ്റ്റിക്കിൽ പായ്‌ക്ക് ചെയ്തത് പരമാവധി ഒഴിവാക്കാം. വളരെ കുറഞ്ഞ അളവിലെ മൈക്രോ പ്ലാസ്റ്റികിന്റെ അംശം കണ്ടെത്തിയിട്ടുള്ളൂ. അതിനാൽ മുലയൂട്ടുന്നതിന് നിയന്ത്രണം വെക്കേണ്ടതില്ലെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി. ഭാവിയിൽ മുലപ്പാലിൽ പ്ലാസ്റ്റിക്കിന്റെ സാന്നിദ്ധ്യത്തിന്റെ അളവ് ഉയരുകയാണെങ്കിൽ അത് മനുഷ്യകുലത്തിന്റെ ആരോഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക് മാലിന്യം നീക്കുന്നതിന് ആവശ്യമായ നിയമ സംവിധാനങ്ങളും വേണ്ടത്ര ബോധവത്കരണവും അനിവാര്യമാണെന്ന നിർദേശം ആണ് ഗവേഷക സംഘം മുന്നോട്ട് വയ്‌ക്കുന്നത്.
Comments