പത്തനംതിട്ട : ഇലന്തൂർ ആഭിചാര കൊലക്കേസിലെ പ്രതി ഭഗവൽ സിംഗ് സജീവ പാർട്ടി പ്രവർത്തകനായിരുന്നുവെന്ന് സമ്മതിച്ച് പാർട്ടിയുടെ പ്രാദേശിക നേതാവ്. സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി.ആർ.പ്രദീപാണ് ഒടുവിൽ ഇക്കാര്യം തുറന്നുസമ്മതിച്ചത്. പുരോഗമന ചിന്തയുള്ള വ്യക്തിയായിരുന്നു ഭഗവൽ സിംഗ് എന്നാണ് പ്രദീപ് പറയുന്നത്.
വലിയ അറിവും പാണ്ഡിത്യവും ഉളളയാളായിരുന്നു ഭഗവൽ സിംഗ്. സിപിഎം പ്രവർത്തകൻ എന്നതിലുപരി ജനകീയ മുഖമായിരുന്നു. മികച്ച വിദ്യാഭ്യാസം നേടിയിരുന്ന സിംഗ് മുൻപ് പുരോഗമനവാദിയായിരുന്നു. ഒരു ക്രിമിനൽ പശ്ചാത്തലവും ഉണ്ടായിരുന്നില്ല. പഞ്ചായത്തിലെ വിവിധ പ്രവർത്തനങ്ങളിലും സാംസ്‌കാരിക- വായനശാല രംഗത്തും ഒക്കെ സജീവം ആയിരുന്നു ഭഗവൽ സിംഗ് എന്നും ഏരിയ സെക്രട്ടറി വ്യക്തമാക്കി.
എന്നാൽ കുറച്ച് നാളുകളായി പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് ഉൾവലിഞ്ഞ് നിൽക്കുകയായിരുന്നു. കൂടുതൽ ഭക്തി മാർഗത്തിലായിരുന്നു സിംഗ്. ഭാര്യയുടെ സ്വാധീനത്തിൽ ആണോ ഭഗവൽ സിംഗ് ഭക്തി മാർഗത്തിലേക്ക് പോയതെന്ന് സംശയിക്കുന്നതായും സിപിഎം നേതാവ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കേരളത്തെ ഞെട്ടിച്ച ആഭിചാര കൊലയുടെ വിവരങ്ങൾ പുറത്തുവന്നത്. ഇലന്തൂരിലെ സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗം ഭഗവൽസിംഗും ഭാര്യയുമാണ് ഐശ്വര്യപൂജയ്‌ക്കായി കൊച്ചിയിൽ നിന്ന് എത്തിച്ച രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയത്. സിപിഎമ്മിന്റെ സജീവ പ്രവർത്തകനായിരുന്നു പ്രതി എന്ന് പുറത്തുവന്നിട്ടും, പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഇതിനെപ്പറ്റി ഒന്നും സംസാരിച്ചിരുന്നില്ല.
പാർട്ടിയുടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടാകാം, എന്നാൽ അംഗമല്ലെന്നായിരുന്നു എംഎ ബേബിയുടെ വാദം. പ്രതി പാർട്ടി അംഗമാണോ അല്ലയോ എന്നത് പ്രശ്നമല്ലെന്ന് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനും പറഞ്ഞിരുന്നു.
Comments