കൊൽക്കത്ത: മൊമിൻപൂരിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കാൻ കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ്. ബംഗാൾ ഡിജിപിക്കാണ് കോടതി നിർദ്ദേശം നൽകിയത്. മതതീവ്രവാദികളെ സംരക്ഷിക്കാനുളള മമത സർക്കാരിന്റെ ശ്രമങ്ങൾക്കേറ്റ തിരിച്ചടിയാണ് ഉത്തരവ്.
മുതിർന്ന ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കലാപത്തിന്റെ സിസിടിവി, വീഡിയോ ദൃശ്യങ്ങളും മറ്റ് തെളിവുകളും വിശദമായി പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു. കലാപത്തെ തുടർന്ന് ദ്രുതകർമ്മ സേനയെ ഉൾപ്പെടെ പ്രദേശത്ത് വിന്യസിച്ചിരുന്നു.
ഒക്ടോബർ ഒൻപതിനാണ് മൊമിൻപൂരിൽ കലാപം ഉണ്ടായത്. ഏഴ് പോലീസുകാർക്ക് പരിക്കേറ്റിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 41 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. കലാപം തടയാൻ മേഖലയിൽ 144 പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കലാപത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷയ്‌ക്കായി സിആർപിഎഫിനെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും ഗവർണർ ലാ ഗണേശനും കത്ത് നൽകുകയും ചെയ്തിരുന്നു.
സംസ്ഥാന തലസ്ഥാനമായ കൊൽക്കത്തയിൽ കൂടുതൽ കലാപങ്ങളോ സംഘർഷങ്ങളോ ഉണ്ടാകാതിരിക്കാനുളള നടപടികൾ സ്വീകരിക്കണമെന്നും കോൽക്കത്ത പോലീസ് കമ്മീഷണർക്ക് കോടതി നിർദ്ദേശം നൽകി.
















Comments