ഭോപ്പാൽ: ബോളിവുഡ് താരം ആമിർ ഖാൻ സ്വകാര്യ ബാങ്കിന് വേണ്ടി അഭിനയിച്ച പരസ്യം വിവാദത്തിൽ. ട്വിറ്റർ ഉൾപ്പെടെയുളള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പരസ്യത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. എയു സ്മോൾ ഫിനാൻസ് ബാങ്കിന്റെ പരസ്യമാണ് വിവാദമായത്. ട്വിറ്ററിൽ ഉൾപ്പെടെ ബോയ്‌ക്കോട്ട് എയുബാങ്ക് ഹാഷ്ടാഗുകൾ നിറഞ്ഞുകഴിഞ്ഞു.
വിവാഹത്തിന് ശേഷമുളള ദമ്പതികളുടെ ഗൃഹപ്രവേശമാണ് പരസ്യത്തിന്റെ ഇതിവൃത്തം. ആമിർ ഖാനൊപ്പം നടി കിയാര അദ്വാനിയാണ് പരസ്യചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. ഹിന്ദു ആചാര പ്രകാരം വിവാഹ ശേഷം ഭർത്താവിന്റെ വീട്ടിലേക്കാണ് നവദമ്പതികൾ പോകേണ്ടത്. അവിടെ വെച്ച് ഭർതൃവീട്ടിലേക്ക് വലതുകാൽ വെച്ച് നവവധു പ്രവേശിക്കുന്നതാണ് രീതി. എന്നാൽ പരസ്യത്തിൽ നേരെ തിരിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. വധൂഗൃഹത്തിലെത്തുന്ന ആമിർ ഖാൻ വലതുകാൽ വെച്ച് കയറുകയും സ്ത്രീകൾ ആരതി ഉഴിയുകയും ചെയ്യുന്നതാണ് പരസ്യം.
ചെറിയ മാറ്റങ്ങൾ എങ്ങനെയാണ് വലിയ പരിവർത്തനങ്ങളിലേക്ക് എത്തുന്നതെന്നും ആമിർ ഖാൻ വിശദീകരിക്കുന്നുണ്ട്. പരസ്യത്തിനെതിരെ പരാതി ലഭിച്ചതായി മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. ഇന്ത്യൻ സംസ്‌കാരത്തിന് വിപരീതമായുള്ള ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ആമിർ ഖാനോട് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പരാതി ലഭിച്ചതിന് പിന്നാലെ പരസ്യം കണ്ടിരുന്നു. ഒരിക്കലും ഇത്തരത്തിൽ ഇതിനോട് യോജിക്കാൻ കഴിയില്ല. ഇത്തരം പ്രവർത്തികളിലൂടെ ഒരു മതവിഭാഗത്തിന്റെ വികാരം വ്രണപ്പെടുകയാണ്. മറ്റുള്ളവരുടെ മതവികാരം വ്രണപ്പെടുത്താൻ താരത്തിന് അവകാശമില്ലെന്നും നരോത്തം മിശ്ര പറഞ്ഞു.
















Comments