ജോധ്പൂര്‍: തൊട്ടുകൂടായ്മ മനസില്‍ നിന്നും വേരോടെ പിഴുതുകളയണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹോസബലെ. ജാതീയത പോലുള്ള തിന്മകള്‍ ഒട്ടേറെ പരിഷ്‌കരണ ശ്രമങ്ങള്‍ക്കുശേഷവും ബാക്കി നില്‍ക്കുന്നുവെന്നത് ദൗര്‍ഭാഗ്യകരമാണ്. ജാതിയുടെയും തൊട്ടുകൂടായ്മയുടെയും പേരില്‍ സമൂഹത്തെ തകര്‍ക്കുന്ന ശക്തികളെ കരുതിയിരിക്കേണ്ടതുണ്ടെന്നും ഹൊസബലെ പറഞ്ഞു. ജോധ്പൂരില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുര്‍ബലമായ സമാജ ശരീരത്തിലേക്കാണ് ദേശവിരുദ്ധ ശക്തികള്‍ കടന്നുകയറുന്നത്. സമാജം ദുര്‍ബലമാകാതിരിക്കുവാനുള്ള പ്രവര്‍ത്തനം അനിവാര്യമാണ്. ജാതി വിവേചനം പൂര്‍ണമായും ഒഴിവാക്കി സമൂഹത്തെയാകെ ശക്തമാക്കണം. ദുര്‍ബല വിഭാഗങ്ങളെ ശക്തമാക്കുക എന്നത് സമൂഹത്തിന്റെ കടമയാണ്. അത് കേവലം സര്‍ക്കാരിന്റെ ചുമതലയായി കാണാന്‍ സാധിക്കില്ലെന്നും സര്‍കാര്യവാഹ് പറഞ്ഞു. രാജ്യത്തെ സമൃദ്ധമാക്കുന്നതില്‍ സര്‍ക്കാരുകള്‍ക്ക് മാത്രമല്ല സമാജത്തിനും പങ്കുണ്ട്. ജീവിക്കാന്‍ പണം വേണമെന്നതുപോലെ പ്രധാനമാണ് അതിനുള്ള മാര്‍ഗം തെരഞ്ഞെടുക്കുന്നതും. അനര്‍ത്ഥത്തിലൂടെ നേടുന്ന അര്‍ത്ഥവും ജീവിതവും അര്‍ത്ഥശൂന്യമാകും. രാജ്യത്തെ ശക്തവും സമൃദ്ധവുമാക്കുന്നതിന് ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജലം, വനം, ഭൂമി, മൃഗങ്ങള്‍ എന്നിവയുടെ സംരക്ഷണവും പ്രധാന ലക്ഷ്യമാകണം. ആചാരങ്ങളിലും ഉത്സവങ്ങളിലും ജീവിതത്തിലും പരിസ്ഥിതി സംരക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണം. ഇനിയും ശ്രദ്ധിച്ചില്ലെങ്കില്‍ ജലമലിനീകരണവും അന്തരീക്ഷ മലിനീകരണവും മൂലം ഭൂമി നശിക്കും. വരും തലമുറയ്‌ക്ക് നല്‍കാന്‍ ബാക്കിയാവുന്നത് തരിശ് ഭൂമി മാത്രമാകുമെന്നും ഹോസബലെ ചൂണ്ടിക്കാട്ടി. വരും തലമുറ സംസ്‌കാരമുള്ളവരാകണം. കുട്ടികളില്‍ സമാജത്തോടുള്ള സഹാനുഭൂതി, സത്യസന്ധത, പരിസ്ഥിതിബോധം, രാഷ്‌ട്രസ്നേഹം എന്നിവ വളര്‍ത്താന്‍ ഓരോരുത്തരുടെയും പരിശ്രമം ഉണ്ടാകണമെന്ന് സര്‍കാര്യവാഹ് കൂട്ടിച്ചേര്‍ത്തു.
















Comments